വളപട്ടണം ദേശീയപാതയിൽ ടാറിങ് പുനരാരംഭിച്ചു; പകൽസമയത്തെ പ്രവൃത്തി കാരണം മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്ക്
Valapattanam , 19 ജൂണ് (H.S.) വളപട്ടണം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാപ്പിനിശ്ശേരി – വളപട്ടണം ദേശീയപാതയിലെ ടാറിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. എന്നാൽ, ഉച്ചയ്ക്ക് ശേഷം പകൽ സമയത്ത് ടാറിങ് ആരംഭിച്ചതോടെ പാതയിൽ മണിക്കൂറുകളോളം നീണ്ട കനത്ത ഗതാഗതക്കുരുക
വളപട്ടണം ദേശീയപാതയിൽ ടാറിങ് പുനരാരംഭിച്ചു; പകൽസമയത്തെ പ്രവൃത്തി കാരണം മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്ക്


Valapattanam , 19 ജൂണ് (H.S.)

വളപട്ടണം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാപ്പിനിശ്ശേരി – വളപട്ടണം ദേശീയപാതയിലെ ടാറിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. എന്നാൽ, ഉച്ചയ്ക്ക് ശേഷം പകൽ സമയത്ത് ടാറിങ് ആരംഭിച്ചതോടെ പാതയിൽ മണിക്കൂറുകളോളം നീണ്ട കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടന്നത്. തളിപ്പറമ്പ് ഭാഗത്തേക്കുള്ള റോഡിലാണ് ആദ്യഘട്ടമായി ടാറിങ് പ്രവൃത്തികൾ തുടങ്ങിയത്.

ടാറിങ് നടക്കുന്നതിനാൽ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒരേസമയം ഒന്നിനുപുറകെ ഒന്നായി കടത്തിവിട്ടെങ്കിലും വാഹനങ്ങളുടെ തിരക്ക് കാരണം നിയന്ത്രണം പാളി. കിലോമീറ്ററുകളോളം നീണ്ട വരിയാണ് പാതയിൽ രൂപപ്പെട്ടത്. തുടർന്ന് വൈകിട്ടോടെ വളപട്ടണം സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി കഠിനപ്രയത്നം നടത്തിയാണ് ഗതാഗതം ഭാഗികമായെങ്കിലും നിയന്ത്രണവിധേയമാക്കിയത്.

രാത്രിയും തുടർന്ന് ടാറിങ്

ദേശീയപാതയിലെ പഴയങ്ങാടി റോഡ് ജംക്ഷൻ മുതൽ ഹൈവേ ജംക്ഷൻ വരെയുള്ള ഭാഗത്താണ് ഇന്നലെ പ്രധാനമായും പ്രവൃത്തികൾ നടന്നത്. വരും ദിവസങ്ങളിൽ മഴ പെയ്ത് തടസ്സമുണ്ടാക്കിയില്ലെങ്കിൽ സ്റ്റൈലോ കോർണർ വരെയുള്ള ഭാഗം വേഗത്തിൽ ടാറിങ് നടത്തി തീർക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പകൽ സമയത്തെ കുരുക്ക് ഒഴിവാക്കാനായി രാത്രി വൈകിയും പ്രവൃത്തികൾ തുടർന്നിരുന്നു.

എംഎൽഎയുടെ ഇടപെടൽ

ദേശീയപാത തകർന്നു കിടക്കുന്നതുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലം എംഎൽഎ കെ.വി. സുമേഷ് ശക്തമായി ഇടപെട്ടിരുന്നു. തന്റെ മണ്ഡലത്തിന്റെ അതിർത്തിയായ എകെജി ആശുപത്രി വരെയുള്ള ഭാഗം അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് എംഎൽഎ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എംഎൽഎയുടെ നിവേദനം ഗൗരവമായി പരിഗണിച്ച ജില്ലാ കലക്ടർ പി. വിഷ്ണുരാജ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കരാർ കമ്പനിയായ 'വിശ്വ സമുദ്ര' പ്രവൃത്തികൾ വേഗത്തിൽ ആരംഭിച്ചത്.

വരും ദിവസങ്ങളിലും ടാറിങ് തുടരുന്നതിനാൽ ഈ റൂട്ടിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കിൽ മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News