Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂണ് (H.S.)
പതിനാറാം കേരള നിയമസഭയിൽ വിലക്കയറ്റവും ഇന്ധന വിലവർധനയും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി വിഡി സതീശൻ്റെ വിശദീകരണത്തെത്തുടർന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടിസ് തള്ളി. സഭയുടെ മറ്റു നടപടിക്രമങ്ങൾ നിർത്തിവച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കെഎൻ ബാലഗോപാലാണ് പ്രതിപക്ഷത്തിന് വേണ്ടി സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ധന വിലവർധനയെത്തുടർന്ന് സാധാരണക്കാർക്കിടയിൽ രൂക്ഷമായ വിലക്കയറ്റമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻ്റെ ഈ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഷയം പൂർണമായും പഠിച്ച ശേഷം വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വിഡി സതീശൻ സഭയിൽ ഉറപ്പുനൽകി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഇപ്പോഴത്തെ വിപണിയിടപെടൽ ദുഷ്കരമാക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.
ധവളപത്രം ഇറക്കുംവിപണിയിൽ ഇടപെടുന്നതിൽ മുൻ എൽഡിഎഫ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിവിൽ സപ്ലൈസ് കോർപറേഷന് 3000 കോടി രൂപയുടെ കടം ബാക്കിവച്ചാണ് അവർ ഭരണമൊഴിഞ്ഞത്. ഇത് പൊതുവിതരണ സംവിധാനത്തെ തകർത്തു. എന്നാൽ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഒട്ടും വൈകാതെ തന്നെ ഒരു വിശദമായ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ സർക്കാരിനെതിരായ ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടി ധവളപത്രത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നികുതി കുറച്ചില്ല
2016 മുതൽ ജനുവരി 31 വരെ ഇന്ധന വിലവർധനയുടെ ഭാഗമായി മുൻ സർക്കാരിന് 3100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ഇതിൽ നിന്നും ഒരു രൂപ പോലും ജനങ്ങൾക്കായി കുറച്ചില്ല. അധിക നികുതി ലഭിച്ചപ്പോൾ അതിൽ നിന്ന് ചെറിയൊരു തുകയെങ്കിലും ഓട്ടോ ടാക്സി ഡ്രൈവർമാരെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ താൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന വ്യക്തിയോടാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് അന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായടപ്പിക്കാൻ നോക്കേണ്ട
കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹപരമായ നടപടികൾക്കു നേരെ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സഭയിൽ നിന്നും ഇറങ്ങിപ്പോകുന്നതിന് മുൻപ് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ചത്. ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാൻ സർക്കാർ നോക്കേണ്ട. വിലക്കയറ്റം തടയാൻ ഭരണപക്ഷത്തിന് നിലവിൽ കഴിയുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ബുദ്ധിമുട്ടുകൾ അവഗണിക്കാൻ എൽഡിഎഫിന് കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പിന്നാലെ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്കരിച്ചു പുറത്തിറങ്ങി. നിയമസഭയ്ക്ക് പുറത്തും എൽഡിഎഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം തുടർന്നു. സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ചു. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും യുഡിഎഫ് സർക്കാരിന് ഒരു കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം നടപടികളിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR