107 വയസ്സ് പ്രായമുള്ള ഒറ്റപ്പാലം മനിശ്ശേരിക്കാരുടെ നാണിമുത്തശ്ശി ഓർമ്മയായി.
Palakkad , 02 ജൂണ് (H.S.) 107 വയസ്സ് പ്രായമുള്ള ഒറ്റപ്പാലം മനിശ്ശേരിക്കാരുടെ നാണിമുത്തശ്ശി ഓർമ്മയായി. കരിനിഴൽ വീണ കുട്ടിക്കാലത്തെ അനുഭവങ്ങളും ഓർമ്മകളും കരുത്താക്കി പ്രതിസന്ധികളെ അതിജീവിച്ച് നടന്നു നീങ്ങി ഒടുവിൽ 107 വയസ്സിലാണ് അവർ വിട പറയുന്നത്. ഓർ
Nani muthassi


Palakkad , 02 ജൂണ് (H.S.)

107 വയസ്സ് പ്രായമുള്ള ഒറ്റപ്പാലം മനിശ്ശേരിക്കാരുടെ നാണിമുത്തശ്ശി ഓർമ്മയായി. കരിനിഴൽ വീണ കുട്ടിക്കാലത്തെ അനുഭവങ്ങളും ഓർമ്മകളും കരുത്താക്കി പ്രതിസന്ധികളെ അതിജീവിച്ച് നടന്നു നീങ്ങി ഒടുവിൽ 107 വയസ്സിലാണ് അവർ വിട പറയുന്നത്. ഓർമ്മകൾക്ക് നിറംമങ്ങാത്ത കാലത്ത് അവർ അനുഭവിച്ച കഥകൾ ഏറെ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുത്താണ് അവരുടെ മടക്കയാത്ര.

പനമണ്ണ പടിക്കപ്പറമ്പിൽ വീട്ടിലായിരുന്നു അവരുടെ ജനനം. അക്കാലത്തെ അഞ്ചാം ക്ലാസ് വരെ അവർ പഠിച്ചു. പിന്നീട് കർഷകത്തൊഴിലാളിയുടെ വേഷത്തിൽ പാടത്തേക്ക് ഇറങ്ങി. ചെത്തുതൊഴിലാളിയായിരുന്ന ഗോപാലൻ്റെ ഭാര്യയായാണ് മനിശീരിയിൽ എത്തിപ്പെടുന്നത്. 10 മക്കളെ പ്രസവിച്ചെങ്കിലും ഏഴു കുഞ്ഞുങ്ങളെ ശൈശവത്തിലെ നഷ്ടപ്പെട്ടു. നാണിയുടെ ഏക ആശ്രയമായിരുന്നു ഗോപാലൻ യൗവനത്തിലെ മരിച്ചു. അവശേഷിക്കുന്ന മൂന്നു കുഞ്ഞുങ്ങൾക്ക് അത്താണിയായി നാണി കരുത്തുറ്റവളായി

കരിപുരണ്ട ജീവിതത്തോട് പാടത്ത് പണിയെടുത്ത് പൊരുതി. കട്ടകെട്ടലും കൊയ്ത്തും മെതിയും ഞാറുനടലും ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാണി വിശ്രമമില്ലാതെ പ്രവർത്തിച്ചു. നെല്ലു കൂലി കിട്ടിയിരുന്ന കാലത്തെക്കുറിച്ച് നാണിക്ക് പറയാൻ നൂറുനാവായിരുന്നു. ചൂട്ടൻ്റെയും കമ്പ്രാന്തളിൻ്റെയും വെളിച്ചത്തിൽ പാടത്തു നിന്നും തിരികെ വീട്ടിലെത്തിയിരുന്ന നാളുകളുടെ ഓർമ്മകൾ പുതിയ കുട്ടികളോട് അവർ വാതോരാതെ പറയുമായിരുന്നു.ഒരു നൂറ്റാണ്ട് കാലം താൻ ജീവിച്ച മണ്ണിലും കണ്ടുമുട്ടിയ മനുഷ്യരുടെ മനസ്സിലും സ്നേഹത്തിൻ്റെ വലിയൊരു സാമ്രാജ്യം തീർത്താണ് മുത്തശ്ശിയുടെ മടക്കം. പഴമയുടെ നന്മയും പുതിയ കാലത്തിന്റെ മാറ്റങ്ങളും ഒരുപോലെ കണ്ടറിഞ്ഞ ആ അമ്മയുടെ വിയോഗത്തോടെ മനിശ്ശേരിക്ക് നഷ്ടമായത് ഒരു വലിയ ചരിത്രപുസ്തകം കൂടിയാണ്.

ഓണക്കാലമായിരുന്നു മുത്തശ്ശിയുടെ 'ജീവിതം'നാണി മുത്തശ്ശിയെക്കുറിച്ച് പറയുമ്പോൾ മക്കളുടെയും പേരക്കുട്ടികളുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ആ മുഖത്തെ ഓണനിലാവുള്ള ചിരിയാണ്. മുത്തശ്ശിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷക്കാലം ഓണക്കാലമായിരുന്നു എന്ന് മക്കൾ ഇന്ന് ഏറെ വികാരഭരിതരായി ഓർത്തെടുക്കുന്നു.

പൂക്കളവും ഓണക്കോടിയും തുമ്പപ്പൂ ചിരിയുമായി വീടകം മുഴുവൻ ബന്ധുക്കളും കുട്ടികളും നിറയുന്ന ആ നാളുകളായിരുന്നു മുത്തശ്ശിയുടെ ജീവൻ. പ്രായത്തിൻ്റെ അവശതകൾ മറന്ന് എല്ലാവർക്കും സ്നേഹത്തോടെ സദ്യവിളമ്പാനും പൂക്കളമിടാൻ കുട്ടികൾക്ക് കൂട്ടുനിൽക്കാനും മുത്തശ്ശി മുന്നിലുണ്ടായിരുന്നു. മുത്തശ്ശിയുടെ സാന്നിധ്യം തന്നെയായിരുന്നു ആ കുടുംബത്തിൻ്റെ ഏറ്റവും വലിയ ഓണസമ്മാനം.

പുതുതലമുറയ്ക്ക് പകർന്നു നൽകിയ നൂറ്റാണ്ടിൻ്റെ കഥകൾ

സ്മാർട്ട്ഫോണിൻ്റെയും ഇൻ്റർനെറ്റിൻ്റെയും ലോകത്ത് ജീവിക്കുന്ന പുതുതലമുറയ്ക്ക് നാണി മുത്തശ്ശി ഒരു അത്ഭുതമായിരുന്നു. സ്വാതന്ത്ര്യസമര കാലത്തെ വിശേഷങ്ങൾ, പഴയകാലത്തെ കൃഷിയും കൊയ്ത്തും, പഞ്ഞക്കർക്കടകത്തിൻ്റെ കഷ്ടപ്പാടുകൾ, ഒടുവിൽ സമൃദ്ധിയുടെ ഓണക്കാലം... അങ്ങനെ നീളുന്നതായിരുന്നു മുത്തശ്ശിയുടെ കഥകൾ.

ഒരു നൂറ്റാണ്ടിൻ്റെ ചരിത്രകഥകൾ കേൾക്കാൻ പേരക്കുട്ടികളും നാട്ടിലെ കുട്ടികളും മുത്തശ്ശിയുടെ കട്ടിലിന് ചുറ്റും കൂടുമായിരുന്നു. ആ കഥ പറയൽ ശൈലിയിൽ ഒരു പ്രത്യേക മാസ്മരികതയുണ്ടായിരുന്നു. പുസ്തകങ്ങളിൽ വായിച്ചറിവില്ലാത്ത നാട്ടുചരിത്രവും ജീവിതാനുഭവങ്ങളും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ മനിശ്ശേരിയിൽ ഇനി നാണി മുത്തശ്ശിയില്ല എന്ന യാഥാർത്ഥ്യം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News