Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂണ് (H.S.)
സംസ്ഥാനത്തെ സ്കൂള് പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബല് റസിഡന്ഷ്യല് സ്കൂളില് വി മുരളീധരന് എംഎല്എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എഎ റഹീം എംപി.
ഇത്തരമൊരു പെരുമാറ്റത്തില് കേരളീയ സമൂഹത്തോടും സംസ്ഥാനത്തെ വിദ്യാർത്ഥികളോടും വി മുരളീധരൻ മാപ്പ് പറയണമെന്നാണ് എഎ റഹീം ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് ആവശ്യപ്പെടുന്നത്.
നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല് തകര്ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര് എംഎല്എ എന്ന വാചകത്തോടെയാണ് റഹീമിന്റെ വാക്കുകള് ആരംഭിക്കുന്നത്. മനസില് മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കുരുന്നുകളോട് ഇങ്ങനെ പെരുമാറാന് അയിത്തം ആഘോഷമാക്കുന്നവര്ക്കേ സാധിക്കൂവെന്നും റഹീം ചൂണ്ടിക്കാട്ടി.
എഎ റഹീം എംപിയുടെ വാക്കുകള്
നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല് തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎല്എ! മനസ്സില് മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തില് അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്കൂളില് പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മള് ചെയ്യേണ്ടത്...ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..
ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എല് എ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. സംസ്ഥാനത്തിന്റെ വിവിധ ട്രൈബല് സെറ്റില്മെന്റുകളില് നിന്നുള്ള പെണ്കുട്ടികളാണ് ഈ സ്കൂളിലുള്ളത്. മിടുക്കരായ കുട്ടികള്. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തില് ആ കുട്ടികളോടും കേരളത്തോടും എംഎല്എ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല,അംബേദ്കറും,ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്.
അതേസമയം, രൂക്ഷ വിമർശനമാണ് വി മുരളീധരന്റെ നടപടികള്ക്ക് എതിരെ പല കോണുകളില് നിന്നും ഉയരുന്നത്. സ്കൂളിലെ കുട്ടികളുടെ കയ്യില് മിഠായി നല്കാതെ കവറില് നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില് ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി ശിവൻകുട്ടിയും പ്രതികരണവുമായി രംഗത്ത് വന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR