Enter your Email Address to subscribe to our newsletters

Ernakulam , 02 ജൂണ് (H.S.)
നഗരമധ്യത്തിൽ യുവതികൾക്ക് നേരെ അതിക്രമം. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. നോർത്ത് പോലീസാണ് പ്രതികളെന്ന് സംശയിക്കുന്നവരെ മണിക്കൂറുകൾക്ക് ഉള്ളിൽ പിടികൂടിയത്. സംഭവത്തിൽ എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കലൂർ ചക്കാലപ്പാടം റോഡിൽവച്ചാണ് അക്രമിസംഘം പെൺകുട്ടികളെ ക്രൂരമായി മർദിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിലൂടെ നടന്നുപോയ യുവതികൾക്ക് നേരെ ഒരുസംഘം യുവാക്കൾ മോശം കമൻ്റുകൾ പാസാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതും ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചതുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പ്രകോപിതരായ യുവാക്കൾ മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പെൺകുട്ടികൾക്ക് കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് ഗുരുതര പരിക്കുണ്ട്. അക്രമിസംഘം യുവതിയെ നടുറോഡിൽ തള്ളിയിട്ട് ക്രൂരമായി ചവിട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെഞ്ചിൽ ഉൾപ്പെടെ അതിശക്തമായ മർദനമേറ്റു. ഇവർക്ക് ശ്വാസതടസ്സവും പരിക്കുകളും ഉണ്ടായതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വ്യക്തമാക്കി.
റോഡിൽ വീണുകിടന്ന പെൺകുട്ടിയെ അക്രമികൾ വിടാതെ ഉപദ്രവിച്ചുവെന്നാണ് ദൃക്സാക്ഷികളും സൂചിപ്പിക്കുന്നത്. പരിക്കേറ്റ പെൺകുട്ടിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വിദഗ്ധ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും ആക്രമണത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്.
കേസെടുത്ത് പൊലീസ്
സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. മർദനത്തിന് ശേഷം പ്രതികളായ യുവാക്കൾ ഇവിടെനിന്നും ഓടി രക്ഷപ്പെട്ടു. കലൂർ ചക്കാലപ്പാടം റോഡിലെയും പരിസരങ്ങളിലെയും കടകളിൽ നിന്നും വീടുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ ഉടൻ വലയിലാക്കാൻ പൊലീസിന് സാധിച്ചത്.
പൊലീസിനെതിരെ വിമർശനംഅതേസമയം പൊലീസിനെതിരെ പെൺകുട്ടിയുടെ സുഹൃത്ത് രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് സുഹൃത്തിൻ്റെ ആരോപണം. വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥർ യഥാസമയം സ്ഥലത്തെത്തിയില്ല. നഗരത്തിൽ പുലർച്ചെ സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് സംഭവം വ്യക്തമാക്കുന്നു.
പിങ്ക് പൊലീസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്ന് അവകാശപ്പെടുമ്പോഴാണ് നഗരമധ്യത്തിൽ ഈ ക്രൂരത നടന്നത്. എറണാകുളം പോലൊരു നഗരത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. പൊലീസിൻ്റെ ഇടപെടൽ വൈകിയത് അക്രമികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നും പരിക്കേറ്റവരുടെ സുഹൃത്ത് ആരോപിച്ചു.
സുരക്ഷാ ആശങ്കകൊച്ചി നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വലിയ തോതിൽ വർധിച്ചുവരികയാണ്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം കാലങ്ങളായി നിലവിലുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല എന്നതിൻ്റെ ഉദാഹരണമാണ് ഇന്നത്തെ സംഭവം.
ഐടി മേഖലകളിൽ നിന്നും മറ്റും ജോലി കഴിഞ്ഞ് രാത്രി വൈകി മടങ്ങുന്ന സ്ത്രീകൾക്ക് ഇത്തരം ക്രിമിനൽ സംഘങ്ങൾ നിരന്തരം ഭീഷണിയാകുന്നുണ്ട്. യാത്രാവേളകളിൽ ഒറ്റപ്പെടുന്നവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ കർശനമായി നേരിടാൻ കൊച്ചി നഗരത്തിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തേണ്ടതുണ്ട്. രാത്രികാല പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് പൗരസമൂഹത്തിൻ്റെ ആവശ്യം. പ്രതികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR