Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ജൂണ് (H.S.)
നിയമസഭാ സമ്മേളനത്തിൽ ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാറിന് ചട്ടവിരുദ്ധമായി സംസാരിക്കാൻ അനുമതി നൽകിയതായി ആരോപണം. അടിയന്തരപ്രമേയ അവതരണ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വാക്കൗട്ട് പ്രസംഗം കഴിഞ്ഞയുടൻ എണീറ്റ് സംസാരിക്കാൻ ആരംഭിച്ച ഗോപകുമാറിനെ തടയാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറായിരുന്നില്ല.
ഇതേത്തുടർന്നാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. ഗോപകുമാർ സഭയിൽ ആദ്യമായി വരുന്നയാളാണെന്നും തൻ്റെ പാരമ്പര്യം അനുവദിക്കാത്തതു കൊണ്ടാണ് സംസാരിക്കാൻ അനുമതി നൽകിയതെന്നും സ്പീക്കർ മറുപടി നൽകി.
കേന്ദ്രസർക്കാരിൻ്റെ ഇന്ധന വില വർധനവ് കാരണമുള്ള രൂക്ഷമായ വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെഎൻ ബാലഗോപാൽ അവതരിപ്പിച്ച അടിയന്തരപ്രമേയ അവതരണ നോട്ടീസ് തള്ളിയതിനെത്തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങിയിരുന്നു. അതിനുമുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കൗട്ട് പ്രസംഗം നടത്തിക്കഴിഞ്ഞയുടൻ ഗോപകുമാർ എണീറ്റ് സംസാരിച്ചു. പ്രമേയത്തിൽ ഒപ്പിടാത്തതിനാൽ താങ്കൾക്ക് പ്രസംഗിക്കാൻ അവസരമില്ലെങ്കിലും പറയാനുള്ളത് പരിമിതമായി പറയാമെന്ന് സ്പീക്കർ പറഞ്ഞു. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിമർശനത്തിന് മറുപടി നൽകാനാണ് ഗോപകുമാർ തുനിഞ്ഞത്. മോദിക്ക് ട്രംപിനെ പേടിയാണെന്ന് പിണറായി പറഞ്ഞിരുന്നു.
നരേന്ദ്ര മോദി ആർക്കു മുന്നിലും തല കുനിക്കില്ലെന്നും പിണറായിക്ക് ഇഡിയെ പേടിയാണെന്നും ഗോപകുമാർ പറഞ്ഞു. ഇതോടെ പ്രകോപിതരായ ഇടത് എംഎൽഎമാർ ബഹളം വച്ചുകൊണ്ട് ചെയറിനു മുന്നിലേക്കെത്തി. ആദ്യ പ്രസംഗമായതിനാൽ അൽപ്പം സാവകാശം നൽകാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. സ്പീക്കറുടെ ഉദാരമനസ്കതയാണ് ഇവിടെ പ്രകടമായതെന്നും ചട്ടങ്ങളുടെ വ്യതിയാനം പാടില്ലെന്നും പിണറയി വിജയൻ അഭിപ്രായപ്പെട്ടു. വാക്കൗട്ട് കഴിഞ്ഞ് സംസാരിക്കാൻ അനുമതി നൽകാമായിരുന്നെന്നും പിണറായി അഭിപ്രായപ്പെട്ടു.
തുടങ്ങിയ ഉടൻ ശത്രുത വേണ്ടെന്നും അൽപ്പം ഉദാരമനസ്കത നല്ലതാണെന്നും സ്പീക്കർ മറുപടി നൽകി. ആദ്യ അംഗം സംസാരിച്ചു തുടങ്ങിയ ഉടൻ ഇടപെട്ട് നിർത്തിക്കാൻ തൻ്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതോടെ സഭയിൽ സംഘർഷ അന്തരീക്ഷം മയപ്പെടുകയായിരുന്നു.
നേരത്തേ, വിലക്കയറ്റവും ഇന്ധന വിലവർധനയും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശൻ്റെ വിശദീകരണത്തെത്തുടർന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടിസ് തള്ളി. സഭയുടെ മറ്റു നടപടിക്രമങ്ങൾ നിർത്തിവച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമാണെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR