ഇന്ധന വിലവർധനവിനെതിരെ ഈ മാസം നാലിന് സംസ്ഥാന വ്യാപക സമരത്തിന് സിപിഎം
Thiruvananthapuram , 02 ജൂണ് (H.S.) കേന്ദ്രസർക്കാർ ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുസഹമാക്കുകയാണെന്നും സംസ്ഥാന സർക്കാർ അതിനെതിരെ നിലപാടുകൾ കൈക്കൊള്ളാതെ മൗനം പാലിക്കുകയാണെന്നും ആരോപിച്ച് വ്യാഴാഴ്ച സംസ്ഥാനത്തുടനീളം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
M V Govindan


Thiruvananthapuram , 02 ജൂണ് (H.S.)

കേന്ദ്രസർക്കാർ ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുസഹമാക്കുകയാണെന്നും സംസ്ഥാന സർക്കാർ അതിനെതിരെ നിലപാടുകൾ കൈക്കൊള്ളാതെ മൗനം പാലിക്കുകയാണെന്നും ആരോപിച്ച് വ്യാഴാഴ്ച സംസ്ഥാനത്തുടനീളം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ജില്ലാ-ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും സമരപരിപാടികൾ സംഘടിപ്പിക്കുക. തിരുവനന്തപുരത്തെ സമരപരിപാടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനം അധിക വരുമാനം വേണ്ടെന്നു വയ്ക്കണം

കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാലുതവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴരരൂപയുടെ വർധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായത്. കേന്ദ്രത്തിൻ്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലിറ്ററിന് രണ്ടുരൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും.

എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കൻ്റോൺമെൻ്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാലുതവണ കേന്ദ്രം വില വർധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. 2018 ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു.

യുഡിഎഫ് ബിജെപിയെ പിന്തുണയ്ക്കുന്നു

ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്രനയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. സംഘപരിവാർ അജണ്ടക്ക് കീഴ്പ്പെട്ടാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. അതിൻ്റെ അവസാന ഉദാഹരണമാണ് എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം. ആർഎസ്എസ് നേതാവിനെ വിസിയാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.

ഗാർഹിക സിലിണ്ടറിൻ്റെ വില മാർച്ചിൽ 60 രൂപയാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് റേഷൻ വിതരണവും പൂർണമായി താളം തെറ്റി. രണ്ടുമാസം ഒന്നിച്ച് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി തന്നെ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. നീല കാർഡ് ഉടമകൾക്കുള്ള അധിക അരിയും നിർത്തലാക്കി. ഇത്തരം ജനദ്രോഹ നയങ്ങളുടെ ഫലമായി കേരളത്തിൽ വിലക്കയറ്റവും അതിരൂക്ഷമായെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിൻ്റേത്

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് നൽകില്ലെന്ന സൂചനയും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ നൽകി. എൽഡിഎഫിൽ പ്രതിപക്ഷ, ഉപനേതാവ് സ്ഥാനങ്ങൾ വർഷങ്ങളായി സിപിഎം തന്നെയാണ് ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുമായുള്ള തർക്കങ്ങളെല്ലാം പരിഹരിക്കും. വീട്ടുവീഴ്ചയെന്നല്ല, തർക്കം പരിഹരിക്കുമെന്നാണ് വ്യക്തമാക്കിയത്.

മന്ത്രി സണ്ണി ജോസഫ് തൻ്റെ ബന്ധുവിനെ സ്റ്റാഫിൽ നിയമിച്ചത് ശരിയായ നടപടിയല്ല. സ്വജനപക്ഷപാതപരമായ നടപടി ശരിയാണോയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളോട് യോജിക്കുന്നില്ല. എൽഡിഎഫ് നേതാക്കൾ ആരെയൊക്കെ കാണുന്നത് തെറ്റാണെന്ന് പറഞ്ഞോ, അവരെയെല്ലാം യുഡിഎഫ് നേതാക്കൾ ഇപ്പോൾ കാണുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News