Enter your Email Address to subscribe to our newsletters

Kozhikode , 02 ജൂണ് (H.S.)
കേരളത്തിൽ ഭർതൃ പീഡനവും ഗാർഹികപീഡനവും നേരിടുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുൻ സർവേയെ അപേക്ഷിച്ച് വൻ വർധനവുണ്ടായതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ആറാം ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6) റിപ്പോർട്ട്. 18-49 പ്രായമുള്ള വിവാഹിതരായ സ്ത്രീകളിൽ ഗാർഹിക പീഡനത്തിന് ഇരയാവുന്നത് 17.7 ശതമാനം പേരാണെന്നു സർവേ വ്യക്തമാക്കുന്നു. 2022-ല് പുറത്തിറങ്ങിയ സർവേയിൽ ഇത് 9.8% ആയിരുന്നു.
എന്നാൽ, യഥാർഥത്തിൽ പീഡനങ്ങൾ വർധിച്ചതല്ലെന്നും, മറിച്ച് പ്രതികരിക്കാനും പരാതിയുമായി രംഗത്ത് വരാനും സ്ത്രീകൾ തയാറാകുന്നതാണ് ഈ വർധനവിന് കാരണമെന്നും കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ
കേരളത്തിലെ 18-49 പ്രായമുള്ള വിവാഹിതരായ സ്ത്രീകളിലെയും ഗർഭിണികളിലെയും പീഡന നിരക്കുകൾ മുൻ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്രകാരമാണ്:
ദേശീയ തലത്തിലെ സ്ഥിതിയും അയൽ സംസ്ഥാനങ്ങളും
റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഭർത്തൃപീഡനവും ഗാർഹികപീഡനവും നേരിടുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി സ്ത്രീ നടക്കുന്ന അതിക്രമങ്ങളുടെ തോത് കുറയുമ്പോഴാണ് കേരളത്തിൽ ഇത് ആശങ്കാജനകമായ രീതിയിൽ ഉയരുന്നതായ കണക്ക്.
ഇന്ത്യയിലാകെ പീഡനത്തിൻ്റെ ദേശീയ ശരാശരി 29.2 ശതമാനത്തിൽ നിന്ന് 22.3 ശതമാനമായി കുറഞ്ഞു. ഗർഭാവസ്ഥയിൽ ഭർത്താക്കന്മാരിൽ നിന്ന് ശാരീരിക പീഡനം നേരിടുന്ന ഗർഭിണികളുടെ നിരക്ക് 0.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി വർധിച്ചു. മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭർത്തൃപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടത് തെലങ്കാനയിലാണ് 30.8%. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് (37.2%) അവിടെയും നിരക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് 28.5%, ആന്ധ്രാപ്രദേശ് 22.7% തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും മുൻ സർവേയെ അപേക്ഷിച്ച് പീഡന നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് 10.2%, ഗോവ 11.3% തുടങ്ങിയ പ്രദേശങ്ങളിലും പീഡന നിരക്കിൽ ചെറിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾ പ്രതികരിച്ചു തുടങ്ങി, ഇതൊരു നല്ല പ്രവണത
യഥാർഥത്തിൽ പരാതിയുമായി രംഗത്ത് വരുന്നവരുടെ എണ്ണമാണ് വർധിച്ചിരിക്കുന്നതെന്നും പീഡനങ്ങൾ നേരത്തെയും സമാനമായി തന്നെ ഉണ്ടായിരുന്നെന്നും കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. നമ്മുടെ കുടുംബ അന്തരീക്ഷം തന്നെ മാറി. നേരത്തെ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന വീടുകളിൽ പല സ്ത്രീകളും പീഡനം സഹിച്ച് കഴിയുകയായിരുന്നു. ഇത് ആരോടെങ്കിലും പങ്കുവയ്ക്കാനോ പരാതി പറയാനോ വഴികൾ ഇല്ലായിരുന്നു. സ്വന്തം വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞാലും ഇതൊക്കെ സാധാരണയാണ് എന്ന മറുപടിയായിരുന്നു പഴയ കാലത്ത് കിട്ടിയിരുന്നത്. എന്നാൽ ഇന്ന് അതൊക്കെ അടിമുടി മാറി. കൂട്ടുകുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്ക് ജീവിതങ്ങൾ മാറി. കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി സ്ത്രീകൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. മറ്റ് പല തൊഴിലുകളിലൂടെയും അവർ വരുമാനമുള്ളവരായി മാറിക്കഴിഞ്ഞു. സ്വന്തം ചെലവിൽ നിൽക്കാനുള്ള ശേഷിയുള്ളവർ പീഡനങ്ങൾക്കെതിരെ പരാതി പറയാനും രംഗത്ത് എത്തി. ഇതൊരു നല്ല പ്രവണതയാണെന്നും സതീദേവി പറഞ്ഞു.
പുരുഷന്മാർക്കിടയിലെ മദ്യപാനവും മറ്റു ലഹരി ഉപയോഗങ്ങളും ഗാർഹിക പീഡനങ്ങളുടെ തോത് വർധിപ്പിച്ചു എന്നത് ശരിയാണ്. എന്നാൽ അതിനനുസരിച്ച് തന്നെ സ്ത്രീകൾ പ്രതികരിക്കുകയും പരാതിയുമായി രംഗത്ത് എത്തുകയും ചെയ്യുന്നതുകൊണ്ട് അതിൻ്റെ തോത് കുറയുന്നുമുണ്ട്. പല കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തുന്ന വരെ എണ്ണവും കേരളത്തിൽ വർധിച്ചിട്ടുണ്ട്. അത് യഥാർഥത്തിൽ ഒരുമിച്ചു പോകാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് എടുക്കുന്ന നല്ല തീരുമാനമായാണ് വനിതാ കമ്മീഷൻ കാണുന്നത്. വിവാഹബന്ധം വേർപെടുത്തുന്നത് എന്തോ മോശം കാര്യമാണെന്ന് ചിന്തിക്കുന്നവർ ഇവിടെ കൂടുതലായി ഉണ്ട്. എന്നാൽ ഒരിക്കലും ഒരുമിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സ്ഥാനത്ത് വേർപെട്ട് ജീവിക്കുന്നതിനെ തള്ളിപ്പറയാൻ കഴിയില്ലെന്നും സതീദേവി ഓർമിപ്പിച്ചു.
ഇത്തരം വിഷയങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കേരളത്തിലെ പെൺകുട്ടികൾ വിവാഹത്തിന് സമ്മതം മൂളാൻ മടിക്കുന്നത്. നേരത്തെ 18 വയസ്സ് പൂർത്തിയായാൽ വിവാഹം എന്നതായിരുന്നു ചടങ്ങ്. എന്നാൽ പുതിയ കാലത്ത് 23 മുതൽ 25 വയസ്സ് വരെ വിവാഹത്തിന് പെൺകുട്ടികൾ തയാറാവാത്ത അവസ്ഥയാണ് ഉള്ളത്. പഠന റിപ്പോർട്ട് പ്രകാരം സ്വന്തം വരുമാനത്തിൽ ജീവിതത്തിന് ചട്ടക്കൂട് ഉണ്ടാക്കിയതിനു ശേഷം വിവാഹത്തിന് തയ്യാറായാൽ മതിയെന്ന ചിന്താഗതിയിലാണ് ഭൂരിഭാഗം പെൺകുട്ടികളും. അത് ഭർത്താവിൻ്റെയോ ഭർതൃ വീട്ടുകാരുടെയോ അടിമമായി ജീവിക്കുന്നതില് നിന്നുള്ള ഏറ്റവും മികച്ച പോംവഴിയായും പെൺകുട്ടികൾ വിലയിരുത്തുന്നു. അതിനിടയിലും ഉയരുന്ന പരാതികൾ പരിഹരിച്ചു പോയാൽ ഇവിടെ ഗാർഹിക പീഡനങ്ങൾ കുറയുമെന്നും സതീദേവി കൂട്ടിച്ചേർത്തു. നിയമപാലനം ശക്തമാക്കൽ, ബോധവൽക്കരണം, പ്രാദേശിക ഇടപെടലുകൾ, മാനസിക പിന്തുണ എന്നിവയിലൂന്നിയ പോംവഴികളാണ് ഇതിന് അത്യാവശ്യം. സ്ത്രീ ശാക്തീകരണവും ജീവിതനിലവാരവുംസ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക സ്വാതന്ത്ര്യം വർധിച്ചതായി സർവേ വ്യക്തമാക്കുന്നു. വർഷം മുഴുവൻ ശമ്പളം വാങ്ങി തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം 25.8 ൽനിന്ന് 36.2 ശതമാനം ആയി. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളും നിക്ഷേപവുമുള്ളവർ 78.5 ശതമാനത്തിൽനിന്ന് 91.7 ആയി വർധിച്ചു. സ്വന്തമായി മൊബൈൽ ഫോണുള്ളവർ 80.6 ശതമാനത്തിൽ നിന്ന് 89.1 ശതമാനമായി. ഭൂമിയോ വീടോ സ്വന്തമായുള്ള സ്ത്രീകൾ 30.1ൽ നിന്ന് 34.3 ശതമാനത്തിലെത്തി.പോഷകാഹാരക്കുറവും ലഹരി ഉപയോഗവും15-49 പ്രായമുള്ള സ്ത്രീകളിൽ പോഷകാഹാരക്കുറവ് നഗരങ്ങളിൽ 11ശതമാനവും ഗ്രാമങ്ങളിൽ 12.9 ശതമാനവുമാണ്. 2022ലെ സർവേയിൽ 12, 10.1 എന്നിങ്ങനെയായിരുന്നു കണക്ക്. പുരുഷന്മാരിൽ നഗരങ്ങളിൽ 14.3ശതമാനം, ഗ്രാമങ്ങളിൽ 16.7ശതമാനം പേർക്കും പോഷകാഹാരക്കുറവുണ്ട്. കഴിഞ്ഞ സർവയിൽ ഇത് യഥാക്രമം 15.5, 10 എന്നിങ്ങനെ ആയിരുന്നു.
15 വയസ്സിന് താഴെയുള്ള ആൺകുട്ടികളിലെ പുകയില ഉപയോഗം 16.2 ശതമാനത്തിൽ നിന്ന് 15.9 ശതമാനമായി കുറഞ്ഞു. പെൺകുട്ടികളിൽ മുൻ സർവേ പോലെ 2.2ശതമാനമാണ് കണക്ക്. എന്നാൽ 15 വയസ്സിന് മുകളിലുള്ളവരിലെ മദ്യ ഉപയോഗം വർധിച്ചു. മദ്യപിക്കുന്ന പുരുഷന്മാർ 19-ൽ നിന്ന് 22.7ശതമാനം ആയും സ്ത്രീകൾ 0.2-ൽ നിന്ന് 0.3ശതമാനം ആയും വർധിച്ചു.
ഉയർന്ന സാക്ഷരതയും സ്ത്രീ ശാക്തീകരണവും അവകാശബോധവുമുള്ള കേരളത്തിൽ, പീഡനങ്ങൾ തുറന്നുപറയാനും റിപ്പോർട്ട് ചെയ്യാനുമുള്ള സ്ത്രീകളുടെ മുന്നോട്ടുവരവ് നിരക്കുകൾ വർധിക്കാൻ ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ഗാർഹികാവഹേളനങ്ങളുടെ ഈ വർധനവ് വലിയ സാമൂഹിക ആശങ്കയ്ക്ക് വഴിവെക്കുന്നു എന്നാണ് റിപ്പോർട്ടിൻ്റെ രത്ന ചുരുക്കമായി സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരാൻ പി സതീദേവിക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആ സ്ഥാനത്തേക്ക് മറ്റൊരു വ്യക്തി വരാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. നിലവിലെ അധ്യക്ഷ തുടർന്നാലും പുതിയ അധ്യക്ഷ വന്നാലും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ ആഴത്തിൽ പഠിച്ചില്ലെങ്കിൽ വിഷയം വീണ്ടും വഷളാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR