Enter your Email Address to subscribe to our newsletters

Ernakulam , 02 ജൂണ് (H.S.)
കുംഭമേള വൈറൽ പെണ്കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. വിവാഹം തന്നെ നിയമവിരുദ്ധമാണെന്ന് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ഹർജിക്കാരനെതിരെ നിലനിൽക്കുമെന്ന് മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.
ഇരയായ പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റിൽ കൃത്രിമത്വം നടന്നുവെന്നും ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ നൽകിയാണ് ജനന സർട്ടിഫിക്കറ്റ് നേടിയെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജനന രജിസ്ട്രാറുടെ മുന്നിൽ പെൺകുട്ടി വ്യാജ വിവരം നൽകിയെന്ന് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിനാൽ ഫർമാനെതിരെ വ്യാജ രേഖാ കുറ്റം ചുമത്താനാകും. പെൺകുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം.
സർട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വ്യത്യസ്ത മതത്തിലുള്ളവർ തമ്മിലുള്ള വിവാഹം ക്ഷേത്രത്തിൽ വച്ച് നടത്തിയെങ്കിലും വിവാഹം മതാചാര പ്രകാരമല്ല നടന്നത്.മതാചാര പ്രകാരം അല്ലാത്ത വിവാഹത്തിന് നിയമ സാധുതയില്ല. വ്യാജ രേഖ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വിവാഹത്തിന് നിയമ സാധുതയില്ല എന്നും മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പ്രായപൂർത്തിയായിട്ടുണ്ടെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തിയതെന്നുമായിരുന്നു ഫർമാൻ്റേയും പെൺകുട്ടിയുടെയും വാദം.
ഫര്മാനെതിരെ പോക്സോ കേസ്
വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിലാണ് ഫർമാനെതിരെ പോക്സോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നായിരുന്നു ജനനം എന്ന് മനസിലായത്. വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു. കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയെന്ന പേരിൽ വ്യാജ രേഖകളാണ് ഫർമാൻ വിവാഹ സമയം നൽകിയതെന്നും പിന്നീട് കണ്ടെത്തി.
വൈറൽ വീഡിയോയിലൂടെ ശ്രദ്ധനേടിയ പെണ്കുട്ടിയും യുവാവും കേരളത്തിലെത്തിയാണ് വിവാഹിതരായത്. മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയുടേയും ഫർമാൻ്റേയും വിവാഹം നടന്നത്. ഇരുവരുടെയും വിവാഹം മുൻപും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ ലൗ ജിഹാദ് ആരോപണങ്ങളും പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR