Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ജൂണ്‍ (H.S.)
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്നും അതിനാല്‍ കേരളത്തിന്‍റെ മണ്ണില്‍ നിന്നും ഈ വിപത്തിനെ തൂത്തെറിയാനുള്ള ഓപ്പറേഷന്‍ തൂഫാന് : ദി നാര്കോ ഹണ്ട് എന്ന ദൗത്യം കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
യുവതയാണ് ഏതൊരു സമൂഹത്തിന്‍റെയും പുരോഗതിയുടെ നാഴികക്കല്ല്. യുവതയെ മയക്കികിടത്തി സമൂഹത്തിന്‍റെ പുരോഗതി ഇല്ലാതാക്കുകയാണ് മയക്കുമരുന്ന് മാഫിയകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നത് ഏറ്റവും ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ്.
കേരള പോലീസിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന മയക്കുമരുന്നുകള്‍ക്കെതിരെയുള്ള പദ്ധതി തൂഫാന്‍: ദി നാര്കോ ഹണ്ട് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ദൗത്യം നടപ്പാക്കുന്നതിനു പോലീസിന് സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൂഫാന്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറായി ഇന്‍റലിജന്‍സ് വിഭാഗം ഐ.ജി പുട്ട വിമലാദിത്യയെ നിയോഗിച്ചതായി ചടങ്ങില്‍ ആധ്യക്ഷ്യത വഹിച്ചു സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്‍റലിജന്‍സ് ഐ.ജിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിലും താഴേക്കും ലഹരി മരുന്ന് മാഫിയകള്‍ക്കെതിരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും.
തൂഫാന്‍ പദ്ധതി ഭാവി തലമുറയ്ക്കായുള്ള ദൗത്യമാണ്. ഇത് വിജയിക്കണമെങ്കില്‍ പൊതുസമൂഹത്തിന്‍റെ പൂര്‍ണ്ണമായ സഹകരണം ആവശ്യമാണ്. മയക്കുമരുന്ന് വിപണനം സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസിന് കൈമാറണം. ഇതിനായി ആപ്പുകള്‍ സജ്ജമാക്കും. രഹസ്യ വിവരം നല്‍കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.
പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ പ്രതിബന്ധങ്ങളുണ്ടായാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡാര്‍ക്ക് വെബ്ബില്‍ നിന്ന് കച്ചവടം നടത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടാകും ഇവ തകര്‍ക്കുന്നതിനുള്ള നടപടികള്‍ കേരള പോലീസ് തയ്യാറാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന് : ദി നാര്കോ ഹണ്ട് പദ്ധതിയുടെ ലോഗോ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, എക്സൈസ്, ഗതാഗത മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ തൂഫാന്‍ വാരിയേര്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാഡ്ജുകള്‍ വിതരണം ചെയ്യുകയും തൂഫാന്‍ ഫ്ളാഗ് വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ കോട്ടണ്‍ ഹില്‍ സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കു കൈമാറുകയും ചെയ്തു.
ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍, എക്സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, ശശി തരൂര്‍ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S