Enter your Email Address to subscribe to our newsletters

Palakkad , 02 ജൂണ് (H.S.)
നിങ്ങളുടെ കോഴിക്കെന്താ നാല് കാലുണ്ടോ എന്ന് ചോദിച്ച ആളുകളോട് കടയുടമ പറയുന്നു, അതേ എൻ്റെ കടയിലെ കോഴിക്ക് നാല് കാലുണ്ടെന്ന്. ഷൊർണൂർ നഗരത്തിൽ വിൽപനക്കെത്തിച്ച ഇറച്ചിക്കോഴിക്കാണ് നാല് കാലുകൾ കണ്ടെത്തിയത്. കോഴിയെ കാണാൻ കടയിൽ ആളുകൾ എത്തിയതോടെ അപൂർവ കോഴിയെ വിൽക്കാനില്ലെന്ന് കടയുടമ ജാസിം പറയുന്നു.
ഇന്നലെ മണ്ണാർക്കാട് നിന്ന് എത്തിച്ച ലോഡിലാണ് നാല് കാലുകളുള്ള ഇറച്ചിക്കോഴി കടയുടമയുടെ ശ്രദ്ധയിപ്പെടുന്നത്. ഷൊർണൂർ ബസ് സ്റ്റാൻഡിന് പുറകിലുള്ള ജാസ് ചിക്കൻ സെൻ്ററിലാണ് നാല് കാലുള്ള ഈ കോഴിയുള്ളത്. രണ്ട് കാലുള്ള കോഴികളെ കണ്ടു ശീലിച്ച നാട്ടുകാർക്ക് നാലു കാലുകളുള്ള കോഴി അപൂർവ കാഴ്ചയായിരുന്നു. ഇതോടെ കോഴിയെ കാണാനെത്തുന്നവരുടെ തിരക്കും വർധിച്ചു.
രണ്ടര കിലോയ്ക്ക് അടുത്ത് തൂക്കം വരുന്ന ബ്രോയ്ലർ വിഭാഗത്തിൽപ്പെട്ട ഇറച്ചിക്കോഴിക്ക് പിന്നിലാണ് രണ്ട് കാലുകളുള്ളത്. നടക്കുമ്പോൾ രണ്ട് കാലുകൾ നിലത്ത് മുട്ടില്ലെന്ന് മാത്രം. കോഴിയെ കാണാൻ ആളുകൾ എത്തി തുടങ്ങിയതോടെ ഈ കോഴിയെ വിൽപനക്ക് വയ്ക്കുന്നില്ലെന്ന് കടയുടമ ജാസിം പറഞ്ഞു. ഏകദേശം 350 രൂപ വില വരുന്ന ഈ കൗതുക കോഴി ഇന്ന് ജാസ് ചിക്കൻ സെൻ്ററിലെ താരമാണ്.
സാധാരണ ഗതിയിൽ നാല് കാലുകളുള്ള കോഴി വർഗങ്ങൾ ഇല്ല. ചില അപൂർവ്വ ജനിതക തകരാറുകൾ കാരണം നാല് കാലുകളുള്ള കോഴികൾ വിരളമായി ജനിക്കാറുണ്ട്. ജനിതക വ്യതിയാനം അല്ലെങ്കിൽ ഭ്രൂണാവസ്ഥയിലുണ്ടാകുന്ന ചില വൈകല്യങ്ങൾ കാരണമാണ് ഇത്തരത്തിൽ അപൂർവ്വമായി നാല് കാലുകളുമായി കോഴിക്കുഞ്ഞുങ്ങൾ ജനിക്കുന്നത്. സാധാരണയായി ഉണ്ടാകേണ്ടതിലും കൂടുതൽ അവയവങ്ങൾ വളരുന്ന ഒരു ജനിതക വൈകല്യമായാണിതിനെ വിലയിരുത്തുന്നത്. ലക്ഷത്തിൽ ഒന്നിന് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.
കോഴികളിൽ മാത്രമല്ല, മറ്റ് മൃഗങ്ങളിലും ഇങ്ങനെ കൂടുതൽ അവയവങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ കാണപ്പെടാറുണ്ട്. ഇങ്ങനെയുള്ളവയ്ക്ക് സാധാരണ കാലുകളുടെ അടുത്തായിട്ടായിരിക്കും മറ്റ് രണ്ട് കാലുകൾ കൂടി വളരുക. മിക്കപ്പോഴും ഈ അധികമായി വരുന്ന കാലുകൾക്ക് പൂർണ വളർച്ചയോ ചലനശേഷിയോ ഉണ്ടാകാറില്ല എന്നാണ് പറയുന്നത്. 20 വർഷമായി കോഴി ഇറച്ചി വ്യാപരം നടത്തുന്ന ഷൊർണൂർ സ്വദേശിയായ ജാസിമിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇറച്ചി വാങ്ങാനെത്തുന്നവരെക്കാൾ ഈ കൗതുക കോഴിയെ കാണാനാണ് ഇന്ന് നിരവധി ആളുകൾ കടയിലെത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR