ചലച്ചിത്ര നിർമ്മാതാവ് ഷീല കുര്യനെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്പി മധു ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശം.
Ernakulam , 02 ജൂണ് (H.S.) ചലച്ചിത്ര നിർമ്മാതാവ് ഷീല കുര്യനെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്പി മധു ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശം. നടപടിയെടുക്കണമെന്ന ഉത്തരവ് നടപ്പാക്കിയോ എന്ന് എറണാകുളം റേഞ്ച് ഐജി അറിയിക്കണം. ഒരു മാ
High Court of Kerala


Ernakulam , 02 ജൂണ് (H.S.)

ചലച്ചിത്ര നിർമ്മാതാവ് ഷീല കുര്യനെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്പി മധു ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശം. നടപടിയെടുക്കണമെന്ന ഉത്തരവ് നടപ്പാക്കിയോ എന്ന് എറണാകുളം റേഞ്ച് ഐജി അറിയിക്കണം. ഒരു മാസത്തിനകം മറുപടി നൽകാനാണ് ഹൈക്കോടതി എറണാകുളം റേഞ്ച് ഐജിയ്ക്ക് നിർദേശം നൽകിയത്. ഷീല കുര്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സിംഗിൾ ബെഞ്ചിൻ്റെ നടപടി. ഹർജി ഹൈക്കോടതി ജൂൺ 30 ന് വീണ്ടും പരിഗണിക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി കേസെടുക്കാനാവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിൽ 2025 ഡിസംബറിൽ നടപടിയെടുക്കാനായി ഹൈക്കോടതി എറണാകുളം റേഞ്ച് ഐജിയ്ക്ക് നിർദേശം നൽകിയെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.

ഇതിനെത്തുടർന്ന് ഷീല കുര്യൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് ഡിവൈസ്പി മധു ബാബുവിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഷീല കുര്യൻ്റെ ആവശ്യം. പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഷീല കുര്യൻ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

കേസിനാസ്പദമായ സംഭവം

2025 ഫെബ്രുവരിയില് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട സംഭവം. പൊലീസ് സ്റ്റേഷനില് സാമ്പത്തിക തട്ടിപ്പ് പരാതിയുമായെത്തിയ ഷീല കുര്യനെ മധു ബാബു അപമാനിച്ചുവെന്നായിരുന്നു പരാതി. 2021 ൽ തൻ്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി പതിനഞ്ച് ലക്ഷം രൂപ കടമായി വാങ്ങുകയും പിന്നീട് പലതവണം പണം ആവശ്യപ്പെട്ടിട്ടും തിരികെ തന്നില്ലെന്നുമായിരുന്നു ഷീല കുര്യൻ്റെ പരാതി. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടതിന് പിന്നാലെ ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണിൽ വിളിച്ച് മോശമായി പെരുമാറിയെന്ന് ഷീല കുര്യൻ പറയുന്നു.

തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം അന്നത്തെ ഡിവൈഎസ്പിയായ മധു ബാബു പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി കേൾക്കുന്നതിന് പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്ന് ഷീല കുര്യൻ പറയുന്നു.

സ്റ്റേഷനിൽ ആലപ്പുഴ സ്വദേശിയും അയാളുടെ ഭാര്യയും ഹാജരായിരുന്നു. പരാതി നൽകിയ ആളുകളുടെ മുന്നിൽ വച്ചായിരുന്നു പൊലീസിൻ്റെ മോശം പ്രവർത്തിയെന്നും ഷീല പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഷീല ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News