Enter your Email Address to subscribe to our newsletters

Chennai, 02 ജൂണ് (H.S.)
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി ഡൽഹിയിൽ വെച്ച് നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പാർട്ടിയിൽ നിന്ന് സൗഹാർദ്ദപരമായ ഒരു വിടവാങ്ങലാണ് താൻ ആഗ്രഹിക്കുന്നതെന്ന് അണ്ണാമലൈ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അണ്ണാമലൈയുടെ ഈ അപ്രതീക്ഷിത നീക്കം തമിഴ്നാട്ടിലെയും ദേശീയതലത്തിലെയും ബിജെപി നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയമാണ് അണ്ണാമലൈയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. കഴിഞ്ഞ തവണ 11.24 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടിങ് നില ഇത്തവണ വെറും 2.64 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്നും തനിക്ക് കനത്ത അവഗണന നേരിടേണ്ടി വന്നതായും, തമിഴ്നാട്ടിൽ പാർട്ടി വളർത്താൻ കേന്ദ്രം നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും അണ്ണാമലൈയ്ക്ക് പരാതിയുണ്ടായിരുന്നു. താഴെത്തട്ടിൽ പാർട്ടിക്ക് സ്വയംഭരണാധികാരം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം നിരാകരിച്ചതും അതൃപ്തി വർദ്ധിപ്പിച്ചു.
രജനീകാന്തുമായി ചേർന്ന് പുതിയ സഖ്യം?
ബിജെപി വിട്ട അണ്ണാമലൈയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിനെക്കുറിച്ച് തമിഴ്നാട്ടിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. തമിഴ് സൂപ്പർതാരം രജനീകാന്തുമായി ചേർന്ന് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയോ, അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു സാമൂഹിക സംഘടനയോ രൂപീകരിക്കാനാണ് അണ്ണാമലൈ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. യുവാക്കൾക്കിടയിൽ സ്വാധീനമുള്ള അണ്ണാമലൈയും രജനീകാന്തിന്റെ ജനപ്രീതിയും ഒത്തുചേർന്നാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു ധ്രുവീകരണത്തിന് കാരണമായേക്കും.
തന്റെ ഭാവിയെക്കുറിച്ചും പുതിയ തീരുമാനങ്ങളെക്കുറിച്ചുമുള്ള എല്ലാ അഭ്യൂഹങ്ങൾക്കും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകുമെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ബിജെപിയിൽ എത്തിയതോടെയാണ് തമിഴ്നാട്ടിൽ പാർട്ടിക്ക് വലിയ രീതിയിലുള്ള ദൃശ്യത ലഭിച്ചത്. എന്നാൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണിൽ ബിജെപിയുടെ കേന്ദ്ര നയങ്ങളുമായി മുന്നോട്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സഖ്യകക്ഷി തർക്കങ്ങളുമാണ് അദ്ദേഹത്തെ ഒടുവിൽ പാർട്ടിക്ക് പുറത്തെത്തിച്ചത്. നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്നാട്ടിൽ മാറ്റത്തിന് ആഗ്രഹിക്കുന്ന യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ടാകും അണ്ണാമലൈയുടെ പുതിയ സംഘടനയെന്നാണ് വിലയിരുത്തൽ.
---------------
Hindusthan Samachar / Roshith K