Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 ജൂണ്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലാശയങ്ങളായി മാറിയ പ്രവർത്തനരഹിതമായ പാറമടകളിൽ നിന്നുള്ള അപകടഭീഷണി ഒഴിവാക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് .
മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നല്കിയത്.
ജലാശയങ്ങളായി മാറിയ പ്രവർത്തനരഹിതമായ പാറമടകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് മറച്ച് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് ക്വാറി ഉടമകളുടെയോ ക്വാറി നടത്തിപ്പുകാരുടെയോ ബാധ്യതയാവുന്ന തരത്തിൽ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് ഡയറക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പ്രതിപാദിക്കണം.
പരസ്യചിത്രം ചിത്രീകരിക്കാനെത്തിയ സംഘത്തിലെ യുവ മോഡൽ എറണാകുളം മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപകടത്തെ കുറിച്ച് ജില്ലാ കളക്ടർ തലത്തിൽ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ആ.ർ.ഡി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണം. അഗ്നിശമനസേന, എസ്.എച്ച്.ഒ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം നടത്തണം. അന്വേഷണ റിപ്പോർട്ട് സഹിതം ജില്ലാ കളക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ വിശദീകരണം സമർപ്പിക്കണം. മുടക്കുഴ പഞ്ചായത്ത് സെക്രട്ടറി പ്രത്യേകം വിശദീകരണം സമർപ്പിക്കണം.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വ്യവസായ വകുപ്പ് ഡയറക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി എന്നിവർ സർക്കാർ പ്രതിനിധികളായി ജൂലൈ 14 ന് എറണാകുളം പത്തടിപ്പാലം റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
---------------
Hindusthan Samachar / Sreejith S