പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഐഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ
Alapuzha , 02 ജൂണ് (H.S.) ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ മാത്രം വ്യക്തിപരമായി വേട്ടയാടുന്നത് കടുത്ത നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവി
പിണറായിയെ ക്രൂശിക്കുന്നത് നീതികേട്; സിപിഐഎം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ


Alapuzha , 02 ജൂണ് (H.S.)

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ മാത്രം വ്യക്തിപരമായി വേട്ടയാടുന്നത് കടുത്ത നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ്ണമായ ഉത്തരവാദിത്തം പിണറായി വിജയന്റെ തലയിൽ കെട്ടിവെച്ച് മറ്റുള്ളവർക്ക് കൈകഴുകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദം' എഡിറ്റോറിയലിലാണ് പിണറായി വിജയനെ പൂർണ്ണമായി പിന്തുണച്ചും ഇടതുമുന്നണിക്കുള്ളിലെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്.

സഖാക്കളോട്... എന്ന് ആരംഭിക്കുന്ന എഡിറ്റോറിയലിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുന്ന നിരീക്ഷണങ്ങളാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും, ക്യാപ്റ്റനായും, കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ ഇപ്പോൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈ പ്രവണത രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സിപിഐഎമ്മിന് കടുത്ത വിമർശനം

തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിപിഐഎം ആഴത്തിലുള്ള ആത്മപരിശോധനയും സ്വയംവിമർശനവും നടത്താൻ തയ്യാറാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പാർട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ ജീർണ്ണതയെ അദ്ദേഹം എഡിറ്റോറിയലിലൂടെ ശക്തമായി ചോദ്യം ചെയ്തു.

പാവപ്പെട്ട സാധാരണക്കാർക്ക് എപ്പോൾ വേണമെങ്കിലും ഭയമില്ലാതെ കടന്നുചെല്ലാമായിരുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കിയിരിക്കുകയാണ്. പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാൻഡ് വസ്ത്രങ്ങളുടെയും ബ്രാൻഡ് കാറുകളുടെയും ഇടത്താവളമായി മാറിയിരിക്കുന്നു.

— വെള്ളാപ്പള്ളി നടേശൻ (യോഗനാദം എഡിറ്റോറിയൽ)

അധികാര ലഹരി തലയ്ക്ക് പിടിച്ചതോടെ പാർട്ടി നേതാക്കളും അണികളും സാധാരണ ജനങ്ങളിൽ നിന്നും വല്ലാതെ അകന്നുപോയി. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ വലിയ അഹങ്കാരമാണ് തലയ്ക്ക് പിടിച്ചിരിക്കുന്നത്. ഈ താഴെത്തട്ടിലുള്ള നേതാക്കളുടെ പ്രവർത്തിദോഷങ്ങളും അഹങ്കാരവും കാരണമുണ്ടായ ജനരോഷത്തിന്റെ കുറ്റങ്ങളെല്ലാം ഒടുവിൽ കേൾക്കേണ്ടി വന്നത് പിണറായി വിജയനാണെന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ രണ്ടാം കക്ഷിക്കും കൊട്ട്

സിപിഐഎമ്മിന് പുറമെ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐക്കെതിരെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിരൽ ചൂണ്ടുന്നുണ്ട്. സിപിഐ ഭരിച്ച വകുപ്പുകൾ അമ്പേ പരാജയമായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിൽ വലിയ രീതിയിലുള്ള പരാജയമാണ് ഉണ്ടായത്. സിപിഐ പലപ്പോഴായി മുന്നണിയിൽ സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളാണ് എൽഡിഎഫ് സർക്കാരിന്റെ ശോഭ കെടുത്തിയത്. എന്നാൽ ഈ പരാജയങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഒടുവിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ തലയിൽ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാനാണ് എല്ലാവരും നോക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിനും ഈ തോൽവിയിൽ പങ്കുണ്ടെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ഉപജാപക സംഘത്തിന്റെ പിടിയിലായിരുന്നു എന്ന വിമർശനവും അദ്ദേഹം ഉയർത്തുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിൽ, അദ്ദേഹത്തെ പൂർണ്ണമായി പ്രതിരോധിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പുതിയ സമവാക്യങ്ങൾക്കും വഴിതുറക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News