വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കും വരെ ജന്തര് മന്തര് വിടില്ല; പ്രതിഷേധം തുടരാൻ അനുമതി നീട്ടണമെന്ന് അഭിജീത് ദിപ്കെ
Newdelhi , 20 ജൂണ് (H.S.) കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ വിദ്യാർഥികള
Abhijeet Deepke


Newdelhi , 20 ജൂണ് (H.S.)

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ വിദ്യാർഥികള്ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിനാല് പ്രതിഷേധത്തിനുള്ള അനുമതി നീട്ടണമെന്നും ദീപ്കേ ഡല്ഹി പൊലീസിനോട് അഭ്യർഥിച്ചു. പ്രതിഷേധത്തിന് അഞ്ച് മണി വരെയാണ് പോലീസ് അനുമതി നല്കിയത്. എന്നാല് നാളെ വരെ പ്രതിഷേധം തുടരാൻ അനുവദിക്കണമെന്നതാണ് ഇപ്പോള് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധത്തില് വലിയ ജനപങ്കാളിത്തമാണ് ഉള്ളത്. വേദിയിലെത്തിയ ദിപ്കെയെ അനുയായികള് ആവേശത്തോടെയാണ് സ്വീകരിച്ചത്. വിദ്യാർഥികള് നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനാണ് തങ്ങള് ഇവിടെ എത്തിയിരിക്കുന്നതെന്ന് ദീപ്കേ പറഞ്ഞു.'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് യുവാക്കള് ഇവിടെ എത്തിയിട്ടുണ്ട്. നീതി ലഭിക്കുന്നതുവരെ ഇവിടെ തുടരാനാണ് അവരുടെ തീരുമാനം. ഞങ്ങളുടെ പ്രതിഷേധം സമാധാനപരമാണ്. അവകാശങ്ങള്ക്കായി ശബ്ദമുയർത്തുന്ന സാധാരണ വിദ്യാർഥികള് മാത്രമാണ് ഞങ്ങള്', ദിപ്കെ പറഞ്ഞു.

സംവാദത്തിന് തങ്ങള് തയ്യാറാണെന്നും എന്നാല് അതിനുള്ള ഏക വ്യവസ്ഥ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ഡല്ഹി പൊലീസ് ഇടപെടണമെന്നും ദീപ്കേ ആവശ്യപ്പെട്ടു. അറസ്റ്റുകള് ഉണ്ടാകുന്ന സാഹചര്യമുണ്ടായാല് ആദ്യം അറസ്റ്റിന് വഴങ്ങുക ഞാൻ തന്നെയായിരിക്കുമെന്നും ദീപ്കേ പറഞ്ഞു.

കനത്ത പൊലീസ് സുരക്ഷയ്ക്കിടെയാണ് പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പില് സുതാര്യത ഉറപ്പാക്കുന്നതിലും വിദ്യാർഥികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങള് മുഴക്കുകയും പ്ലക്കാർഡുകള് ഉയർത്തിക്കാട്ടുകയും ചെയ്തു. ദിപ്കെ നല്കിയ ആഹ്വാനത്തെ തുടർന്ന് നിരവധി പേർ പാത്രങ്ങളും സ്പൂണുകളുമായാണ് പ്രതിഷേധത്തിനെത്തിയത്. പാത്രങ്ങളില് മുട്ടി 'ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം' എന്ന് പ്രതിഷേധക്കാർ ആവർത്തിച്ചു.

കോക്രോച്ച് മുഖംമൂടികള് ധരിച്ചും വിവിധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായും നിരവധി പേർ പ്രതിഷേധത്തില് പങ്കെടുത്തു. 'ബധിരർ കേള്ക്കണമെങ്കില് ശബ്ദം വളരെ ഉച്ചത്തിലാകണം', 'കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാർഡുകളില് എഴുതിയിരുന്നത്.

പ്രതിഷേധത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിജീത് ദിപ്കെ തുറന്ന കത്ത് എഴുതിയിരുന്നു. വിദ്യാർഥികള് ഉന്നയിക്കുന്ന ആശങ്കള് കേള്ക്കണമെന്നും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളില് നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. വിഷയത്തില് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും കത്തില് ആവശ്യപ്പെട്ടു.

ജന്തർ മന്തറില് നേരത്തെ നടന്ന സിജെപിയുടെ സമരത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ പ്രതിഷേധം. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകള്, വിദ്യാർഥികളെയും തൊഴില് അന്വേഷകരെയും ബാധിക്കുന്ന കാലതാമസങ്ങള് തുടങ്ങിയ വിഷയങ്ങള് ഉയർത്തിക്കാട്ടിയാണ് സിജെപി വീണ്ടും തെരുവിലിറങ്ങിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News