സംസ്ഥാന ബജറ്റിന് പിന്നാലെ വയനാട്ടിൽ രാഷ്ട്രീയ വിവാദം മുറുകുന്നു.
Wayanad , 20 ജൂണ് (H.S.) സംസ്ഥാന ബജറ്റിന് പിന്നാലെ വയനാട്ടിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. ജില്ലയ്ക്ക് വലിയ നേട്ടങ്ങളാണ് ബജറ്റ് സമ്മാനിച്ചതെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോൾ വയനാടിനെ പൂർണമായി അവഗണിച്ച ബജറ്റാണിതെന്നാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും വിമർശ
POLITICAL CONTROVERSIES ON BUDGET


Wayanad , 20 ജൂണ് (H.S.)

സംസ്ഥാന ബജറ്റിന് പിന്നാലെ വയനാട്ടിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. ജില്ലയ്ക്ക് വലിയ നേട്ടങ്ങളാണ് ബജറ്റ് സമ്മാനിച്ചതെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോൾ വയനാടിനെ പൂർണമായി അവഗണിച്ച ബജറ്റാണിതെന്നാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും വിമർശനം. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രതീക്ഷകൾക്ക് കരുത്തേകുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വിലയിരുത്തി. വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തീരുമാനം പട്ടിക വർഗ മേഖലയ്ക്ക് വലിയ മുന്നേറ്റമാകുമെന്ന് നേതാക്കൾ പറഞ്ഞു.

മാനന്തവാടി മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക, സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഖ്യാപനം, വിനോദ സഞ്ചാര മേഖലയ്ക്കുള്ള 325 കോടി രൂപ, റബറിന്റെ താങ്ങുവില വർധന എന്നിവ ജില്ലയുടെ വികസനത്തിന് ഗുണകരമാകുമെന്നും യുഡിഎഫ് പറയുന്നു. വന്യമൃഗ ശല്യ പ്രതിരോധത്തിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനവും നെറ്റ് സീറോ പദ്ധതിയും ജെൻസി ടെക്നോളജി മിഷനും പ്രതീക്ഷ നൽകുന്നതായും നേതാക്കൾ അഭിപ്രായപ്പെട്ടു.

വയനാടിനെ പാടെ അവഗണിച്ചു: അതേസമയം സംസ്ഥാന ബജറ്റ് വയനാടിനോടുള്ള കടുത്ത അവഗണനയാണെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജില്ലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യ ബജറ്റിൽ തന്നെ പൊള്ളയായതായി തെളിഞ്ഞുവെന്നാണ് വിമർശനം. മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരെയും പുനരധിവാസ പദ്ധതിയെയും കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നും വയനാട് മെഡിക്കൽ കോളജിന്റെ വികസനത്തിനും തുരങ്കപാത പദ്ധതിക്കും പ്രത്യേക പരിഗണന ലഭിച്ചിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാതയ്ക്ക് തുക അനുവദിക്കാത്തതും വന്യമൃഗ ശല്യ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും മതിയായ പരിഗണന ലഭിക്കാത്തതും നിരാശാജനകമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

എൽഡിഎഫിന്റെ കാര്ബണ് കോപ്പിയായി യുഡിഎഫ്: എൽഡിഎഫ് സർക്കാരിന്റെ കാർബൺ കോപ്പിയായി യുഡിഎഫ് സർക്കാർ മാറിയെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ. സംസ്ഥാന ബജറ്റിൽ വയനാട് ജില്ലയുടെ പ്രധാന പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടെന്നും വന്യമൃഗ ശല്യം, യാത്രാക്ലേശം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ സമരങ്ങൾ നടത്തിയവർ അധികാരത്തിലെത്തിയ ശേഷം അവയെ മറന്നൂവെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയിൽ കോളജ് സ്ഥാപിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൈബൽ യൂണിവേഴ്സിറ്റിക്കായി 50 കോടി രൂപ വകയിരുത്തിയതായി ബജറ്റിൽ പറയുന്നുണ്ടെങ്കിലും വയനാട്ടുകാരുടെ ദീർഘകാല ആവശ്യമായ മെഡിക്കൽ കോളജിനെക്കുറിച്ച് ഒരു പരാമർശവും ഇല്ലെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മെഡിക്കൽ കോളജ് വിഷയം ഉയർത്തിക്കാട്ടിയ യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വികസന ആവശ്യങ്ങളേക്കാൾ വോട്ടാണ് ഭരണാധികാരികൾക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരേ ബജറ്റിനെ ചൊല്ലി മൂന്ന് വ്യത്യസ്ത രാഷ്ട്രീയ വിലയിരുത്തലുകളാണ് വയനാട്ടിൽ ഉയരുന്നത്. വികസന പ്രതീക്ഷകളുടെ ബജറ്റാണെന്ന യുഡിഎഫ് നിലപാടിനും അവഗണനയുടെ ബജറ്റാണെന്ന എൽഡിഎഫ് വിമർശനത്തിനുമിടയിൽ ചർച്ചകൾ സജീവമാകുകയാണ്. പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർഥ്യമാകുമെന്നതാണ് ഇനി വയനാട് ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News