പാഠപുസ്തകങ്ങളിൽ ഇനി ഇടുക്കിയുടെ അക്ഷരപ്പെരുമയും; സിബിഎസ്ഇ സിലബസിൽ ഇടംനേടി മൂന്ന് മലയോര എഴുത്തുകാർ
Idukki , 20 ജൂണ് (H.S.) മലയാള സാഹിത്യത്തിൻ്റെ സുവർണ്ണ ചരിത്ര താളുകളിൽ ഇനി ഇടുക്കിയുടെ തനതായ കാവ്യഭാവനകളും കഥാവിഷ്കാരങ്ങളും സജീവമാകുന്നു. ഭാഷാ സാഹിത്യത്തിലെ കുലപതികൾക്കൊപ്പം ഇടുക്കിയിലെ മൂന്ന് പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ കേന്ദ്ര സിലബസിൻ്റെ (സിബിഎ
IDUKKI LITERARY GLORY


Idukki , 20 ജൂണ് (H.S.)

മലയാള സാഹിത്യത്തിൻ്റെ സുവർണ്ണ ചരിത്ര താളുകളിൽ ഇനി ഇടുക്കിയുടെ തനതായ കാവ്യഭാവനകളും കഥാവിഷ്കാരങ്ങളും സജീവമാകുന്നു. ഭാഷാ സാഹിത്യത്തിലെ കുലപതികൾക്കൊപ്പം ഇടുക്കിയിലെ മൂന്ന് പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ കേന്ദ്ര സിലബസിൻ്റെ (സിബിഎസ്ഇ) പാഠപുസ്തകത്തിൽ ഇടംപിടിച്ചതിൻ്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് ഹൈറേഞ്ചിലെ സാംസ്കാരിക ലോകം.

സിബിഎസ്ഇ എട്ടാം ക്ലാസിലെ പുതിയ മലയാളം പാഠപുസ്തകത്തിലൂടെയാണ് പുതുതലമുറ ഇനി ഇടുക്കിയുടെ സ്വന്തം സാഹിത്യ പ്രതിഭകളെയും അവരുടെ സർഗ്ഗാത്മക പ്രപഞ്ചത്തെയും അടുത്തറിയാൻ പോകുന്നത്. ജില്ലയിലെ പ്രശസ്ത എഴുത്തുകാരായ ജിജി കെ ഫിലിപ്പ്, ഇ. ജെ. ജോസഫ്, പ്രിൻസ് ഓവേലി എന്നിവരുടെ കൃതികളാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നത്.

പാഠപുസ്തകത്തിൽ ഇടംനേടിയ കൃതികൾ

കേവലമായ വായനയ്ക്കപ്പുറം ദാർശനിക ഭംഗിയും സാമൂഹിക പ്രസക്തിയുമുള്ള കൃതികളാണ് വിദ്യാർത്ഥികൾക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

'പാഥേയം' (കഥ) - ജിജി കെ ഫിലിപ്പ്

പ്രശസ്ത കഥാകൃത്തും മികച്ച പ്രഭാഷകനുമായ ജിജി കെ ഫിലിപ്പിൻ്റെ മനുഷ്യബന്ധങ്ങളുടെ ആഴം പറയുന്ന 'പാഥേയം' എന്ന കഥയാണ് എട്ടാം ക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ളത്. വിശപ്പ്, ഈശ്വരൻ, ഗുരു എന്നീ സങ്കൽപ്പങ്ങളെ വളരെ ലളിതവും എന്നാൽ ആഴമേറിയതുമായ രീതിയിലാണ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥയിലെ പ്രധാന കഥാപാത്രങ്ങളായ ബുദ്ധൻ, സുജാത, ചണ്ഡൻ, ഒരു ആൽമരം എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആഗ്രഹമാണ് ദുഃഖം എന്ന് ബുദ്ധൻ പറയുമ്പോൾ, സുജാത അതിനോട് വിയോജിക്കുന്നു. തനിക്ക് അതൊന്നും അറിയില്ലെന്നും, വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖം എന്നാണ് തനിക്ക് തോന്നിയതെന്നും അവൾ പറയുന്നു. അതുകൊണ്ട് തന്നെയാണ് താൻ വിശക്കുന്നവർക്ക് പാൽക്കഞ്ഞി വിളമ്പുന്നതെന്നും അവൾ വ്യക്തമാക്കുന്നു.

വിശപ്പ് മാറ്റാൻ അന്നം തരുന്ന സുജാതയെ ചണ്ഡൻ 'ഗുരു' എന്ന് വിളിക്കാൻ മടിക്കുന്നു. എന്നാൽ ബുദ്ധൻ അവളെ 'ഈശ്വരൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, വിശക്കുന്നവൻ്റെ മുന്നിൽ അന്നം നൽകുന്നവനേക്കാൾ വലിയ ഈശ്വരൻ മറ്റാരുമില്ല. കഥയുടെ ഒടുവിൽ പാൽക്കഞ്ഞി തേടി നിരവധി ആളുകൾ വരുന്നുണ്ട്. എന്നാൽ അവർക്കൊന്നും അവിടെയുള്ള ബുദ്ധനെയോ, സുജാതയെയോ, ആൽമരത്തെയോ കാണാൻ കഴിയുന്നില്ല. കാരണം, വിശപ്പുള്ള കണ്ണുകൾ ആഹാരത്തെ മാത്രമേ കാണുകയുള്ളൂ. മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമായ 'വിശപ്പിനെ' കുറിച്ചാണ് കഥ സംസാരിക്കുന്നത്. തത്വശാസ്ത്രങ്ങൾക്കും അപ്പുറം, ഒരു മനുഷ്യൻ്റെ വിശപ്പ് മാറ്റുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് കഥാകൃത്ത് ഈ ചെറിയ കഥയിലൂടെ ഓർമ്മിപ്പിക്കുന്നു

മഞ്ഞുമലകൾ' (നാടകം/കൃതി) - ഇ. ജെ. ജോസഫ്

പ്രമുഖ സാംസ്കാരിക പ്രവർത്തകനും ശ്രദ്ധേയനായ നാടകകൃത്തുമായ ഇ. ജെ. ജോസഫിന്റെ 'മഞ്ഞുമലകൾ' എന്ന രചനയും ഈ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'മഞ്ഞുമലകൾ'. കേരളത്തിലെ അമച്വർ/പ്രൊഫഷണൽ നാടകവേദികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കൃതി, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും അവയ്ക്കിടയിലെ വൈകാരികമായ അകൽച്ചകളും വളരെ മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, മനുഷ്യ മനസ്സുകളിൽ രൂപപ്പെടുന്ന ഈഗോയും (അഹംഭാവം) അകൽച്ചയുമാണ് 'മഞ്ഞുമലകൾ' എന്ന പ്രതീകത്തിലൂടെ നാടകകൃത്ത് അവതരിപ്പിക്കുന്നത്. മഞ്ഞുമലകൾ പോലെ കഠിനമായിപ്പോയ മനുഷ്യബന്ധങ്ങൾ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും സാന്നിധ്യത്തിൽ എങ്ങനെ ഉരുകി ഇല്ലാതാകുന്നു എന്ന് നാടകം കാണിച്ചുതരുന്നു.

ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമകാലിക സമൂഹത്തിലെ സ്വാർത്ഥതയെയും പരസ്പരവിശ്വാസമില്ലായ്മയെയും ഈ കൃതി ശക്തമായി വിമർശിക്കുന്നുണ്ട്. ഇ. ജെ. ജോസഫിൻ്റെ ശക്തമായ സംഭാഷണങ്ങളും കഥാപാത്ര സൃഷ്ടിയുമാണ് ഈ നാടകത്തിൻ്റെ ഏറ്റവും വലിയ ആകർഷണം. സങ്കീർണമായ മനശാസ്ത്രപരമായ തലങ്ങളെ സാധാരണ പ്രേക്ഷകർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

നക്ഷത്ര കവിതകൾ' (കവിത) - പ്രിൻസ് ഓവേലി

മലയോരത്തിൻ്റെ പ്രിയ കവി പ്രിൻസ് ഓവേലിയുടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ 'നക്ഷത്ര കവിതകൾ' എന്ന കാവ്യസമാഹാരത്തിലെ കവിതകളാണ് കുരുന്നുകൾക്ക് ചൊല്ലിപ്പഠിക്കാൻ പുസ്തകത്തിലുള്ളത്. ഇരുണ്ട ആകാശത്ത് പ്രകാശം പരത്തുന്ന നക്ഷത്രങ്ങളെപ്പോലെ, മനുഷ്യജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും നിലനിൽക്കുന്ന പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കുറിച്ചാണ് ഈ കവിത സംസാരിക്കുന്നത്. നക്ഷത്രങ്ങളും ആകാശവും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ പ്രണയത്തിൻ്റെ പലവിധ ഭാവങ്ങളോട് കവി ഉപമിക്കുന്നു. പ്രകൃതിയിലെ ചെറിയ മാറ്റങ്ങളെപ്പോലും മനുഷ്യൻ്റെ മനസ്സിനോട് കോർത്തിണക്കാൻ കവിക്ക് ഈ കവിതകളിലൂടെ സാധിച്ചിട്ടുണ്ട്.

മഹാപ്രതിഭകൾക്കൊപ്പം മലയോരത്തിൻ്റെ തൂലികകൾ

മലയാള കവിതയിലെ കാൽപ്പനിക വസന്തം തീർത്ത ചങ്ങമ്പുഴ കൃഷ്ണപിള്ള, അക്ഷരങ്ങളുടെ വരദാനമായ ഒ.എൻ.വി. കുറുപ്പ്, പ്രകൃതിയുടെയും ആത്മീയതയുടെയും കവിയായ പി. കുഞ്ഞിരാമൻ നായർ തുടങ്ങിയ വിശ്വപ്രസിദ്ധരായ സാഹിത്യ നായകന്മാരുടെ അനശ്വര സൃഷ്ടികൾക്കൊപ്പമാണ് ഇടുക്കിയുടെ ഈ മൂന്ന് എഴുത്തുകാരുടെയും കൃതികൾ സിലബസിൽ തോളോടുതോൾ ചേർന്ന് നിൽക്കുന്നത്. കാലങ്ങളായി കേരളത്തിൻ്റെ സാംസ്കാരിക ഭൂപടത്തിൽ അർഹമായ പരിഗണന ലഭിക്കാതെ പോയ മലയോര മേഖലയിലെ സാഹിത്യ സൗന്ദര്യത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്.

ഇടുക്കിയിലെ കലാകാരന്മാര്ക്ക് അര്ഹതപ്പെട്ട അംഗീകരമാണ് ലഭിച്ചതെന്ന് ജിജി കെ. ഫിലിപ്പ് പ്രതികരിച്ചു. ഇടുക്കിയിലെ ഒമ്പതോളം എഴുത്തുകാരന്മാരുടെ കഥകളും കവിതകളും നാടകവുമൊക്കെ അംഗീകരിച്ചത് വലിയ നേട്ടമാണ്. ജോസ് കോനാട്ട് സര് ആണ് ഇത് എഡിറ്റ് ചെയ്തത്, അദ്ദേഹം ഇടുക്കിയിലെ എഴുത്തുകാരോട് കാണിച്ച വലിയൊരു താല്പര്യമാണ് ഇതിനുപിന്നില്. കേരളത്തിലെ സിലബസുകളില് ഇത്തരം കൃതികള് ഉള്പ്പെടുത്തുന്നില്ലെന്ന വിമര്ശനം ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാഠ്യപദ്ധതി കമ്മിറ്റി മാറേണ്ടതുണ്ടെന്നും പാഠപുസ്തകങ്ങള് പരിഷ്കരിച്ച് പുതിയ എഴുത്തുകാരെയും ഉള്പ്പെടുത്തേണ്ടതുണ്ടെന്നും ജിജി കെ. ഫിലിപ്പ് കൂട്ടിച്ചേര്ത്തു. എല്ലാ സാഹിത്യങ്ങളും പഠിച്ച് പോകാനുള്ള അവസരം നല്കണമെന്നും ഇക്കാര്യത്തില് പാഠ്യപദ്ധതി കമ്മിറ്റി വെള്ളം ചേര്ക്കരുതെന്നും അദ്ദേഹം വിമര്ശിച്ചു.

നാടകം കുട്ടികള്ക്ക് പഠിക്കാൻ ലഭിച്ചത് തന്നെ ആശ്ചര്യമാണെന്ന് ഇ. ജെ. ജോസഫും പ്രതികരിച്ചു. കാരണം സംസ്ഥാന സിലബസില് പോലും കുട്ടികളെ നാടകം പഠിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തില് കേന്ദ്ര സിലബസില് ഉള്പ്പെടുത്തിയത് വളരെയധികം അഭിനന്ദനമര്ഹിക്കുന്നതാണ്. കേരള നവോത്ഥാനത്തിൻ്റെ ഭാഗമായ നാടകം കേന്ദ്ര സിലബസില് പഠിപ്പിക്കുന്നത് കുട്ടികള്ക്ക് നാടകത്തോടുള്ള താല്പര്യം വര്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മള് സ്വപ്നത്തില് പോലും കാണാൻ സാധിക്കാത്ത അത്രയും വലിയ നേട്ടമാണ് ലഭിച്ചത്. ഒത്തിരി സന്തോഷമുണ്ട്, മഹാരഥന്മാര്ക്കൊപ്പം കേന്ദ്ര സിലബസില് നമ്മുടെ കവിതയും പഠിപ്പിക്കുന്നത് വലിയ അംഗീകാരമായിട്ടാണ് കാണുന്നത് പ്രിൻസ് ഓവേലി പ്രതികരിച്ചു.

കുഞ്ഞിരാമൻ നായരുടെയും ഒ.എൻ.വിയുടെയും ചങ്ങമ്പുഴയുടെയും ഒക്കെ പ്രഗത്ഭമായ രചനകൾക്കൊപ്പമാണ് ഇടുക്കിയുടെ എഴുത്തുകാരും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. മലയോരത്തിൻ്റെ സാഹിത്യ സാംസ്കാരിക രംഗത്തിന് ഇത് ചരിത്രപരമായ അഭിമാന നിമിഷമാണ്, സാംസ്കാരിക പ്രവർത്തകർ പ്രതികരിച്ചു.

പ്രതീക്ഷയോടെ സാംസ്കാരിക ലോകം

ഇടുക്കിയിലെ സാംസ്കാരിക-സാമൂഹിക കൂട്ടായ്മകളും അക്കാദമിക് വൃത്തങ്ങളും വൻ ആഹ്ളാദത്തോടെയാണ് ഈ വാർത്തയെ വരവേറ്റത്. ഹൈറേഞ്ചിൻ്റെ തനതായ ജീവിതവും പ്രകൃതിയും സംസ്കാരവും പ്രതിഫലിക്കുന്ന രചനകൾ ദേശീയ സിലബസിൻ്റെ ഭാഗമാകുന്നതിലൂടെ, വരുംതലമുറയ്ക്ക് മലയോരത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കാൻ സാധിക്കും. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഹൈറേഞ്ചിൻ്റെ മണ്ണിൽ സാഹിത്യ സപര്യ തുടരുന്ന വളർന്നു വരുന്ന മറ്റ് യുവ എഴുത്തുകാർക്കും ഈ വലിയ അംഗീകാരം വരും നാളുകളിൽ ഊർജ്ജവും കരിയറിൽ വലിയൊരു പ്രചോദനവുമായി മാറുമെന്നതിൽ സംശയമില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News