Enter your Email Address to subscribe to our newsletters

Palakkad , 20 ജൂണ് (H.S.)
കോർപ്പറേറ്റുകൾക്ക് പരവതാനി വിരിച്ച് അഴിമതിക്ക് കളമൊരുക്കുന്ന ബജറ്റാണ് ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയുമായ വിഡി സതീശൻ അവതരിപ്പിച്ചതെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച് കൊണ്ട് സംസ്ഥാനത്ത് മദ്യം യഥേഷ്ടമൊഴുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നീക്കം മദ്യം സുലഭമായി ലഭ്യമാക്കാൻ കാരണമാകുമെന്നും ഇത് കോർപ്പറേറ്റ് മദ്യ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നും എം ബി രാജേഷ് പറഞ്ഞു. വി ഡി സതീശൻ അവതരിപ്പിച്ചത് തള്ളലിൻ്റെ വിസ്മയം തീർത്ത ബജറ്റാണെന്നും എം ബി രാജേഷ് വ്യക്തമാക്കി.
സർക്കാരിൻ്റെ ഈ തീരുമാനം സംസ്ഥാനത്തുടനീളം മദ്യത്തിൻ്റെ വ്യാപകമായ ലഭ്യത സുഗമമാക്കും. സോഫ്റ്റ് ഡ്രിങ്കുകൾ പോലെ കഴിക്കാൻ കഴിയുന്ന രീതിയിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഇത് എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത് മൂലമുണ്ടാവുക. ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടമാണ് ഈ നികുതി ഇളവ് വഴി സംസ്ഥാനത്തിന് ഉണ്ടാവാൻ പോകുന്നത്. മദ്യ വ്യവസായ താത്പര്യങ്ങളുടെ സ്വാധീനത്തിലാണ് ഇത് നടപ്പാക്കിയതെന്നും കർണാടക ആസ്ഥാനമായുള്ള ഒരു മദ്യ ലോബിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും എം ബി രാജേഷ് പറഞ്ഞു.
ജീവനക്കാർക്കൊ സമൂഹത്തിനൊ ഉപകാരപ്രദമല്ലാത്ത ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യ ഉത്പാദിപ്പിക്കാൻ ഇളവ് നൽകിയതിന് കർണാടക ലോബിയിൽ നിന്ന് എത്ര തുക കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.
മദ്യത്തിന് നകുതി കുറച്ചത് സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാവും. വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികൾക്കിടയിൽ സുലഭമാവും. ഇത്തരം കമ്പിനികൾക്ക് എൽഡിഎഫ് സർക്കാർ അനുമതി നൽകിയിട്ടില്ല. മദ്യത്തിനെതിരെ പ്രസംഗിച്ചു നടന്നവരാണ് മദ്യമൊഴുക്കുന്ന നയത്തിന് വഴി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുകൾ തമ്മിലുള്ള തമ്മിലടിയാണ് യുഡിഎഫ് സർക്കാരിൽ കാണുന്നത്. ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും തമ്മിലുളള അടി മഴക്കാല പൂർവ്വ ശുചീകരണത്തെ ബാധിച്ചു. പകർച്ചവ്യാധികൾ തടയുന്നതിലും സർക്കാർ പരാജയമാണെന്നും എം ബി രാജേഷ് പറഞ്ഞു.
കോർപ്പറേറ്റ് കമ്പിനികളെ വാഴിക്കാനുളള തീരുമാനങ്ങളും നിർദ്ദേശള്ളുമാണ് ബജറ്റിൻ്റെ ഉള്ളടക്കം. അഞ്ച് കോടിക്ക് കേരളത്തിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുമെന്നതാണ് തള്ളിലെ പ്രധാനം. തള്ളലിൽ മാത്രം വിസ്മയം തീർക്കുന്ന മുഖ്യമന്ത്രിയുടെ വാക്കിന് അദ്ദേഹം തന്നെ വില കൽപ്പിക്കുന്നിലെന്നും എം ബി രാജേഷ് പറഞ്ഞു
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന ആരംഭിക്കാൻ മദ്യത്തിന് നികുതി ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 0.5 ശതമാനം മുതൽ 10 ശതമാനം വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവക്ക് 175 ശതമാനവും എന്നിങ്ങനെയാണ് നികുതിഘടന പ്രഖ്യാപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR