കൊയിലാണ്ടിക്കടുത്ത് പൊയില്ക്കാവില് മധ്യവയസ്കയെ വീടിനുള്ളില് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
Kozhikode , 20 ജൂണ് (H.S.) കൊയിലാണ്ടിക്കടുത്ത് പൊയില്ക്കാവില് മധ്യവയസ്കയെ വീടിനുള്ളില് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബീച്ചിനടുത്ത് നാലുസെൻ്റ് കോളനിയില് കുട്ടിക്കൃഷ്ണൻ്റെ ഭാര്യ സുധ (55) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൻ്റെ ഉള്ളില് രക്തത്തില
WOMEN DIED IN  KOZHIKODE


Kozhikode , 20 ജൂണ് (H.S.)

കൊയിലാണ്ടിക്കടുത്ത് പൊയില്ക്കാവില് മധ്യവയസ്കയെ വീടിനുള്ളില് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബീച്ചിനടുത്ത് നാലുസെൻ്റ് കോളനിയില് കുട്ടിക്കൃഷ്ണൻ്റെ ഭാര്യ സുധ (55) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൻ്റെ ഉള്ളില് രക്തത്തില് കുളിച്ചു കിടക്കുന്ന നിലയില് മൃതദേഹവും സമീപത്ത് വാക്കത്തിയും കണ്ടെത്തിയെന്ന് പ്രദേശവാസികള് പറയുന്നു.

സുധ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. സുധയും തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില് ഇവരുടെ വീടിൻ്റെ പ്രവൃത്തി നടന്നിരുന്നു. ഇതിൻ്റെ ഭാഗമായി വീടിൻ്റെ ഫോട്ടോ എടുക്കാനായി വന്ന് സുധയെ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ഇവര് താമസിക്കുന്ന ഷെഡില് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

തുടര്ന്ന് വാര്ഡ് മെമ്പറെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഭര്ത്താവ് കുട്ടിക്കൃഷ്ണനും കൊല്ലപ്പെട്ട സുധയും തമ്മില് പതിവായി വഴക്കിടാറുണ്ടെന്ന് അയല്വാസികള് പറഞ്ഞു. കുട്ടിക്കൃഷ്ണന് സ്ഥിരം മദ്യപിക്കാറുണ്ട്. സംഭവ സമയത്ത് വീട്ടില് ഇവര് രണ്ടുപേരും മാത്രമാണുണ്ടായിരുന്നതെന്നും അയല്വാസികള് പറയുന്നു.

സുധയുടെ ഭർത്താവിനെ അതിന് ശേഷം കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പൊലീസ് തിരയുകയാണ്. മരം മുറി കുട്ടികൃഷ്ണൻ എന്നറിയപ്പെടുന്ന ഇയാൾ കൂലിപ്പണിക്ക് പോകുന്ന വ്യക്തിയാണ്. മിക്ക സമയത്തും ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. കുട്ടികൃഷ്ണൻ പോകാൻ സാധ്യതയുള്ള കള്ളുഷാപ്പുകളിലും മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ പൊലീസും നാട്ടുകാരും അന്വേഷണം നടത്തി വരികയാണ്.

ഇയാളെ എവിടെയെങ്കിലും വെച്ച് കണ്ടാൽ എത്രയും പെട്ടന്ന് വിവരം അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയതിൽ കൊലപാതകം നടന്ന വീട്ടിൽ നിന്നും 500 മീറ്റർ അകലെ പോയി നിൽക്കുകയായിരുന്നു. കോഴിക്കോട് റൂറല് എസ്പി മെറിന് ജോസഫ്, വടകര ഡിവൈഎസ്പി കെ സനില്കുമാര്, സ്പെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പി സുനില് കുമാര് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

കഴുത്തിലാണ് വെട്ടേറ്റതെന്ന് കോഴിക്കോട് റൂറൽ എസ് പി മെറിൻ ജോസഫ് പറഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് എത്തിയിരുന്നു. കുട്ടികൃഷ്ണനും സുധയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു. ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതിൻ്റെ ലക്ഷണങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നതായി എസ്പി പറഞ്ഞു. മരിച്ച സുധയുടെ കയ്യിൽ ഒരു സ്ക്രൂ ഡ്രൈവർ ഉണ്ടായിരുന്നു. തൊട്ടടുത്ത് നിന്ന് വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും കിട്ടിയിട്ടുണ്ട്.

പ്രതിയായ കുട്ടികൃഷ്ണൻ ഇതിനുമുൻപും ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള വ്യക്തിയാണ്. കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം മുഴുവന് ഇയാൾ കള്ളുഷാപ്പിൽ ധൂർത്തടിക്കുന്ന വ്യക്തിയാണ്. കള്ളുക്കുടിച്ച് ഷാപ്പിലും കവലയിലും ആളുകളുമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിയാണ് കുട്ടികൃഷ്ണൻ. കുട്ടികൃഷ്ണന് സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടന്നും കള്ളുകുടിക്കാൻ പൈസ ഇല്ലാത്ത സന്ദർഭങ്ങളിൽ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും നാട്ടുക്കാർ പറയുന്നു.

കുട്ടികൃഷ്ണനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പിടികൂടിയതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്നും പൊലീസ് കൂട്ടിചേർത്തു. കുട്ടികൃഷ്ണനും ഭാര്യ സുധയും പ്രണയിച്ച് വിവാഹിതരായവർ ആയിരുന്നു. ജാതി പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ സുധയുമായും സുധയുടെ കുടുംബവുമായും കുട്ടികൃഷ്ണൻ നിരന്തരം പ്രശ്നങ്ങൾ ഉണ്ടക്കുമായിരുന്നു. ഇരുവർക്കും മൂന്ന് മക്കളുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News