Enter your Email Address to subscribe to our newsletters

Kozhikode , 20 ജൂണ് (H.S.)
ലഹരിക്കെതിരെയുള്ള വലിയ പോരാട്ടമാണ് ഓപ്പറേഷൻ തൂഫാനിലൂടെ നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് മർക്കസിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്ന് മാഫിയയെ കണ്ടാലും അവരെക്കുറിച്ച് അറിഞ്ഞാലും ഭയംകൊണ്ട് ആരും ശ്രദ്ധിക്കാതിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ ജനങ്ങൾ തന്നെ ഇറങ്ങി മയക്കുമരുന്ന് മാഫിയെ കുറിച്ചുള്ള വിവരം പൊലീസിന് നൽകുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിനേഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നാലായിരത്തോളം പേരെയാണ് ലഹരി വിൽപ്പന നടത്തിയതിനും ഉപയോഗിച്ചതിനും അറസ്റ്റ് ചെയ്തത്.
ഇതിൽ രണ്ട് വിദേശ പൗരന്മാരും പൊലീസിൻ്റെ വലയിൽ ആയിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയത്തിനായി സമൂഹത്തിലെ ബഹുമാന്യരായ എല്ലാ വ്യക്തികളുടെയും പിന്തുണ ലഭ്യമാകുന്നുണ്ട്. ഇനി കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തൂഫാൻ വാരിയേഴ്സാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നുവരുന്നത്.
അതോടൊപ്പമാണ് ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
ഇതിൻ്റെ തൂഫാൻ വാരിയർ ആക്കി ബാഡ്ജ് കൊടുക്കുന്നത്. അതോടൊപ്പം കേരളത്തിലെ എല്ലാ പള്ളികളിലും ലഹരിക്കെതിരെയുള്ള ശക്തമായ ആഹ്വാനം നടത്താനും അഭ്യർഥിച്ചിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കൂടാതെ സർക്കാറിൻ്റെ ഈ ദൗത്യത്തിൽ ഒപ്പം നിൽക്കാമെന്ന് കാന്തപുരം അറിയിച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ അടുത്ത ഘട്ടമായി മുഴുവൻ പൊതുജനങ്ങളുടെയും കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെയും മതപണ്ഡിതരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള കൂട്ടായ പ്രവർത്തനമായിരിക്കും ലഹരിക്കെതിരെ നടത്തുകയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ ഒൻപത് മണിയോടെ കോഴിക്കോട് കുന്ദമംഗലത്തെ കാരന്തൂർ മർക്കസിൽ എത്തിയ രമേശ് ചെന്നിത്തലയെ മർക്കസിലെപ്രമുഖർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കാന്തപുരവുമായി അരമണിക്കൂറിലേറെ ചർച്ച നടത്തിയ രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു.
''ലഹരി ഇല്ലാത്ത നാടായി നമ്മുടെ രാജ്യം മാറണം എന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതുമായകാര്യവുമാണ്. എല്ലാ മതങ്ങളിലും ലഹരി എന്നത് നിഷിദ്ധമായകാര്യമാണ് എന്നകാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും ഇത് അനിവാര്യമായ കാര്യമായാണ് പഠിപ്പിക്കുന്നത്. എന്നാൽ പുതുതലമുറയെ നശിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ ലഹരി ഉപയോഗം വർധിച്ചു വരുന്നത്.
അതിനെതിരെനടക്കുന്ന ഓപ്പറേഷൻ തൂഫാന് ശക്തമായ പിന്തുണ നൽകുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അറിയിച്ചു. ലഹരിക്കെതിരെ എങ്ങനെയൊക്കെ പൊതുസമൂഹത്തിന് മുൻപിൽ പ്രവർത്തിക്കാൻ ആകും എന്ന കാര്യത്തിൽ എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും'' കാന്തപുരം അറിയിച്ചു.
ചടങ്ങിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ ഓപ്പറേഷൻ തൂഫാൻവാരിയർ ബാഡ്ജ് ധരിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR