മലയാളികളില് നിന്ന് 20 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിൽ കർണാടക സി.ഐ.ഡി പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു.
Banglore , 20 ജൂണ് (H.S.) മലയാളികളില് നിന്ന് 20 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിൽ കർണാടക സി.ഐ.ഡി പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ഡി ഇൻസ്പെക്ടർ മഹേഷ് കനകഗിരി, കുപേന്ദ്ര റെഡ്ഡി, വസന്ത് കുമാർ എന്ന
CID INSPECTOR


Banglore , 20 ജൂണ് (H.S.)

മലയാളികളില് നിന്ന് 20 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിൽ കർണാടക സി.ഐ.ഡി പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു. സി.ഐ.ഡി ഇൻസ്പെക്ടർ മഹേഷ് കനകഗിരി, കുപേന്ദ്ര റെഡ്ഡി, വസന്ത് കുമാർ എന്നിവരാണ് മടിവാള പൊലീസിന്റെ പിടിയിലായത്. നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു ഭീഷണിപ്പെടുത്തിയാണ് ഇവർ പണം കവർന്നത്. കേരള സ്വദേശിയായ ജുനീഷ് ബാബു (40) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ സുഹൃത്തായ നവീനെ കാണുന്നതിനായി രണ്ട് സുഹൃത്തുക്കൾക്കൊപ്പം 20 ലക്ഷം രൂപയുമായാണ് ജുനീഷ് ബാബു ബംഗളൂരുവിൽ എത്തിയത്. മടിവാളയിലെ വൈറ്റ് സ്റ്റോൺ ലോഡ്ജിൽ താമസിക്കുകയായിരുന്ന ജുനീഷിന്റെയും സുഹൃത്തുക്കളുടെയും പക്കൽ വൻ തുകയുണ്ടെന്ന വിവരം മനസിലാക്കിയ പ്രതികൾ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഈ പണം നിയമവിരുദ്ധമായ ഇടപാടുകൾക്കായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും, ഇവരെ മർദ്ദിച്ച ശേഷം 20 ലക്ഷം രൂപയുമായി കടന്നുകളയുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ജൂൺ 19-നാണ് ജുനീഷ് ബാബു മടിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി അതീവ ഗൗരവത്തോടെയെടുത്ത മടിവാള പൊലീസ് അതിവേഗ അന്വേഷണം നടത്തിയാണ് സി.ഐ.ഡി ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ നിലവിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്രതികൾ ഉപയോഗിച്ചത് സിഐഡി ഇൻസ്പെക്ടറുടെ ഔദ്യോഗിക വാഹനമായ ജീപ്പ് ആയിരുന്നു. കവർച്ച നടക്കുന്ന സമയം ഇൻസ്പെക്ടർ ഈ ജീപ്പിനുള്ളിൽ തന്നെയാണ് ഇരുന്നിരുന്നത്. ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗുണ്ടാസംഘം ഹോട്ടൽ മുറിയിലേക്ക് കയറി മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തിയതും പണം കവർന്നതും. മോഷണത്തിന് ശേഷം ഇതേ വാഹനത്തിൽ തന്നെയാണ് സംഘം രക്ഷപ്പെട്ടതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു..

കേസുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പ്രതികരിച്ചു. മടിവാള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചില സ്വകാര്യ വ്യക്തികൾ ഹോട്ടലിൽ എത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പങ്ക് പുറത്തുവന്നത്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പിയുടെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും തട്ടിയെടുത്ത തുകയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ പരാതിക്കാരുടെ പശ്ചാത്തലത്തെക്കുറിച്ചും അവർ കൊണ്ടുവന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News