വിപണിയിൽ ചൂടപ്പം പോലെ വി ഡി സതീശൻ്റെ 'ആദം നീ എവിടെയാകുന്നു';ഇംഗ്ലീഷ് പതിപ്പ് ജൂലൈയിൽ
Thiruvananthapuram , 20 ജൂണ് (H.S.) പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ''ആദം നീ എവിടെയാകുന്നു'' എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൻ്റെ വിൽപ്പന പതിനായിരം കോപ്പികൾ പിന്നിട
V D SATHEESAN BOOK


Thiruvananthapuram , 20 ജൂണ് (H.S.)

പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ 'ആദം നീ എവിടെയാകുന്നു' എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൻ്റെ വിൽപ്പന പതിനായിരം കോപ്പികൾ പിന്നിട്ടു. ഡിസി ബുക്സ് ഈ വർഷം മെയ് 9ന് പുറത്തിറങ്ങിയ പുസ്തകമാണ് വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്.

ഒരു ദിവസം വിൽക്കുന്നത് 250 കോപ്പികൾ, ഇംഗ്ലീഷ് പതിപ്പ് ജൂലൈയിൽ

ഒരോ ദിവസവും ഡിസി ബുക്സിൻ്റെ ഔട്ട്ലെറ്റുകളിലൂടെ വിൽക്കുന്നത് 250ഓളം പുസ്തകങ്ങളാണെന്ന് ഡിസി ബുക്സ് ഉടമ രവി ഡിസി പറഞ്ഞു. പുസ്തകത്തെപ്പറ്റി മികച്ച അഭിപ്രായമാണ് വായനക്കാർക്കുള്ളത്. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തെ ശ്രദ്ധിക്കുന്ന ആരാധകവൃന്ദമാണ് സതീശനുള്ളത്. എല്ലാ രാഷ്ട്രീയക്കാരുടെയും പുസ്തകം ഇത്തരത്തിൽ വിറ്റഴിയണമെന്നില്ല. അദ്ദേഹത്തിൻ്റെ പ്രസംഗമായതുകൊണ്ട് മാത്രമാണ് ഇങ്ങനെ പോകുന്നത്.

ഇന്നത്തെ കണക്കുകൾ പ്രകാരം നിലവിൽ 13000ത്തോളം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അണിയറിൽ തയാറാകുന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ജൂലൈയില് പുറത്തിറങ്ങും. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ റൗഫ് റൂമിയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതെന്നും രവി ഡിസി പറഞ്ഞു. ഇംഗ്ലീഷ് പതിപ്പ് കൂടി പുറത്തിറങ്ങുന്നതോടെ അന്താരാഷ്ട്ര പുസ്തകതോത്സവങ്ങളിലടക്കം പുസ്തകം ചർച്ചയാവും.

ഇതുവരെ നടന്നില്ല പ്രകാശന ചടങ്ങ്

മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു എഡിറ്റ് ചെയ്ത പുസ്തകത്തിന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയത്. പുസ്തകം വൻ തോതിൽ വിറ്റഴിയുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രകാശന ചടങ്ങ് നടത്താനായില്ല എന്നതാണ് കൗതുകം.

പുസ്തകത്തിനുള്ളത് 22 അധ്യായങ്ങൾ

22 അധ്യായങ്ങളിലായാണ് വിവിധയിടങ്ങളിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. വി ഡി സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർഥമാക്കുന്ന 32 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിലായിരുന്നതിനാൽ വായന തൻ്റെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയ കാലംമുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്ന് പുസ്തകത്തിൻ്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാരാംശങ്ങൾ ഉൾക്കൊള്ളാനും ശ്രമിച്ചിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയെന്നും ഇതിൽ വിശദീകരിക്കുന്നു. യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.

ആദം നീ എവിടെയാകുന്നു

വിവിധ സഭകളുടെ ഏതാണ്ട് 250-ഓളം യോഗങ്ങളിലാണ് സതീശൻ പ്രസംഗിച്ചിട്ടുള്ളത്. നിയുക്ത കർദിനാൾ ആർച്ച് ബിഷച്ച് മാർ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃ ഇടവക നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൻ്റെ തലക്കെട്ടാണ് പുസ്തകത്തിൻ്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് - 'ആദം നീ എവിടെയാകുന്നു' എന്ന പ്രസംഗം വൈറലായിരുന്നു.

ആദ്യ പ്രസംഗം കുമ്പനാട് കൺവെൻഷനിൽ

പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) കുമ്പനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. അല്പം അങ്കലാപ്പോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും വിശ്വാസികൾ തിങ്ങിനിറഞ്ഞ പന്തലിൽ നിന്നുകൊണ്ട് എങ്ങനെ ദൈവവചനം പറയുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. 2023 ജനുവരി 18 വൈകുന്നേരമാണ് കൺവെൻഷനിൽ പ്രസംഗിച്ചത്. നിൻ്റെ രാജ്യം വരേണമേ എന്നായിരുന്നു ആ വർഷത്തെ കൺവെൻഷൻ്റെ ചിന്താവിഷയം. ദൈവരാജ്യ സങ്കല്പത്തെക്കുറിച്ച് ക്രിസ്തുവിൻ്റെ ദർശനങ്ങൾ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും വിശദീകരിക്കുന്നു.

വിവിധ സഭകളിലെ പ്രസംഗം

കുമ്പനാട് കൺവെൻഷനുശേഷം സഭാ വ്യത്യാസമില്ലാതെ നിരവധി ഇടങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. ദൈവശാസ്ത്ര ത്തെക്കുറിച്ച് ഉന്നതമായ അറിവും ദർശനവുമുള്ള സഭാ പിതാക്കന്മാർക്കൊപ്പം അവസരം ലഭിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും സതീശൻ ആമുഖ കുറിപ്പിൽ വ്യക്തമാക്കി. വിവിധ സഭകളുടെ 250 യോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചത്. 2022 ഏപ്രിൽ 30ന് തിരുവല്ലയിൽ നടന്ന മർത്തോമ സഭയുടെ 17-ാമത്തെ മെത്രാപ്പോലീത്ത ഏബ്രഹാം മർത്തോമയുടെ 111-ാം വാർഷിക ദിനത്തിലെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News