Enter your Email Address to subscribe to our newsletters

Ernakulam , 20 ജൂണ് (H.S.)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം. വയനാട് യൂണിയനുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
2016ൽ ആരംഭിച്ച കേസിൽ 10 വർഷത്തിന് ശേഷമാണ് ആദ്യ കുറ്റപത്രത്തിന് അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിയത്. 2024ൽ അന്വേഷണ ചുമതല ഏറ്റെടുത്ത എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ കേസിൻ്റെ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്ക് കുറ്റപത്രം കൈമാറിയത്. വെള്ളാപ്പള്ളി നടേശന് പുറമെ വയനാട് യൂണിയൻ ഭാരവാഹികളും കേസിൽ പ്രതികളാണ്. അഴിമതി നിരോധന നിയമം ചുമത്തിയിട്ടുള്ളതിനാൽ വിചാരണ നടപടികളിലേക്ക് കടക്കാൻ ഇനി സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 70 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മറ്റ് രണ്ട് കേസുകളുടെ കൂടി അന്വേഷണം പൂർത്തിയാക്കി അംഗീകാരത്തിനായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഉടൻ തന്നെ ഇതിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ കേസുകളുടെയും അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
ജൂലായ് ഒൻപതിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറ്റ് രണ്ട് കേസുകളിലെ കുറ്റപത്രം സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും. അന്ന് തന്നെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് മാത്രം 15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. ഇതിൽ 10 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടാണ് ഉണ്ടായിരുന്നതെന്നും, മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം കേസിൻ്റെ വേഗത കുറയാൻ കാരണമായെന്നും ആരോപണമുണ്ട്. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ കർശനമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ യാതൊരുവിധ ഇളവുകളും നൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മുൻ സർക്കാരിൽ നിന്ന് ലഭിച്ചതുപോലുള്ള ആനുകൂല്യങ്ങൾ ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഹൈക്കോടതിയുടെ രൂക്ഷവിമർശനം കൂടിയായതോടെ സർക്കാരും അന്വേഷണസംഘവും നടപടികൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത.
എസ്എൻഡിപി യോഗത്തിന് കീഴിലുള്ള മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പ്രധാന ആരോപണം. പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് സ്വയംസഹായ സംഘങ്ങൾക്ക് ഉയർന്ന പലിശയ്ക്ക് നൽകി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്ന അന്വേഷണമാണ് ഇപ്പോൾ ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്ന് വേഗത്തിലായിരിക്കുന്നത്. രാഷ്ട്രീയ തലത്തിൽ ഏറെ ചർച്ചയായ കേസിൽ, ആദ്യ കുറ്റപത്രം സമർപ്പിക്കാനായത് അന്വേഷണസംഘത്തിൻ്റെ നിർണായക നേട്ടമായാണ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ നിയമനടപടികൾ കൂടുതൽ സങ്കീർണമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR