പനി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച മാവൂർ പാറമ്മൽ സ്വദേശിനിയ്ക്ക് ഷിഗെല്ലയാണെന്ന് സംശയം.
Kozhikode , 20 ജൂണ് (H.S.) പനി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച മാവൂർ പാറമ്മൽ സ്വദേശിനിയ്ക്ക് ഷിഗെല്ലയാണെന്ന് സംശയം. മാവൂർ പാറമ്മൽ മഠത്തിലാം തൊടി സുനിത (54)ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് വയറിളക്കത്തെ തുടർന്ന് ഇവരെ കോഴിക്കോട്ടെ സ്വകാര്യ
WOMAN DIED SHIGELLA


Kozhikode , 20 ജൂണ് (H.S.)

പനി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച മാവൂർ പാറമ്മൽ സ്വദേശിനിയ്ക്ക് ഷിഗെല്ലയാണെന്ന് സംശയം. മാവൂർ പാറമ്മൽ മഠത്തിലാം തൊടി സുനിത (54)ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് വയറിളക്കത്തെ തുടർന്ന് ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതിനുശേഷം കഠിനമായ പനിയും പിടിപെട്ടു. ഇതോടെ സാമ്പിൾ എടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ

സംശയകരമായ ഷിഗെല്ലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. തുടർന്ന് ചെറൂപ്പ ആരോഗ്യവകുപ്പിൻ്റെയും കോഴിക്കോട് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ വിവിധതരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തിയിരുന്നു.

കൂടാതെ പ്രദേശത്തെ കിണറുകളിൽ നിന്നും വെള്ളത്തിൻ്റെ സാമ്പിൾ എടുത്തും പരിശോധനക്ക് അയച്ചിരുന്നു.

ഇതിനുപുറമെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ, മാവൂർ പാറമ്മൽ ഭാഗത്തെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന, പനി സർവ്വേ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തി.

അതിനിടയിലാണ് ഇന്ന് പുലർച്ചെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സുനിതയുടെ മരണം സംഭവിക്കുന്നത്.

ഇവരുടെ സാമ്പിൾ എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിൻ്റെ ഫലം ഇതുവരെ വന്നിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. വരുംദിവസങ്ങളിലും ചെറൂപ്പ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ

ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് ഷിഗെല്ല

ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഇവ വൻകുടലിനെ ബാധിക്കുന്നതും വളരെ വേഗത്തിൽ പടരുന്നതുമായ ഒരു പകർച്ചവ്യാധിയാണ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. ശരിയായ സമയത്ത് പ്രതിരോധവും ചികിത്സയും ലഭിച്ചില്ലെങ്കിൽ ഇത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായി മാറാം.

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഷിഗെല്ല ബാക്ടീരിയ ഏറ്റവും വേഗത്തിൽ പടരാൻ സാധ്യത. അംഗണവാടികൾ സ്കൂളുകൾ ശിശു സംരക്ഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. യാത്ര വേളകളിൽ സുരക്ഷിതമായി ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നവർക്ക് അണുബാധയ്ക്ക് സാധ്യത കൂറവായിരിക്കും.

ഷിഗെല്ല പകരുന്നത് എങ്ങനെ?: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാര്ഥങ്ങളിലൂടെയുമാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്. മറ്റ് തരത്തിലുള്ള വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില് ബാക്ടീരിയ അകത്തെത്തിയാല് മതി രോഗം പകരാന്.

ഷിഗെല്ല ബാധയുടെ ലക്ഷണങ്ങള് : ഷിഗെല്ല ബാക്ടീരിയ പ്രാധാനമായും ബാധിക്കുന്നത് കുടലിനെ ആയതുകൊണ്ട് തന്നെ വയറിളക്കവും വയറുവേദനയുമാണ് പ്രാധനാമായും കാണപ്പെടുന്നത്. വയറിളക്കമുണ്ടാകുമ്പോള് മലത്തോടൊപ്പം രക്തവും പുറന്തള്ളപ്പെടുന്നു. പനി, ഛര്ദി, ക്ഷീണം എന്നിവയുമുണ്ടാകും. വൈറസുകള്, ബാക്ടീരിയകള്, പരാദജീവികള് തുടങ്ങിയ ജൈവാണുക്കള് കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്തെത്തിയാലുണ്ടാവുന്ന വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗെല്ല ബാക്ടീരിയ.

ഷിഗെല്ല അപകടകാരി : രോഗാരംഭത്തില് തന്നെ ചികിത്സ തേടിയില്ലെങ്കില് ഇത് അപകടങ്ങള്ക്ക് കാരണമായേക്കാം. പ്രധാന ലക്ഷണമായ തുടര്ച്ചയായുണ്ടാകുന്ന വയറിളക്കത്തിലൂടെ ശരീരത്തിലുള്ള മുഴുവന് ജലവും ലവണങ്ങളും നഷ്ടമാകുന്നു. ഇത് നിര്ജലീകരണത്തിലേക്ക് നയിക്കും. ഇതോടൊപ്പം തന്നെ ജീവന് നിലനിര്ത്തുന്നതിനാവശ്യമായ പോഷണങ്ങളും പൊട്ടാസ്യം, സോഡിയം, പൊട്ടാസ്യം ബൈകാര്ബണേറ്റ് തുടങ്ങിയവയും നഷ്ടപ്പെടുന്നു. ഒപ്പം ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ടോക്സിന് കുടലിനെയും മറ്റവയവങ്ങളെയും ബാധിക്കുന്നത് മരണത്തിന് കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം ഷിഗെല്ലയെ? : തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. നമ്മള്ക്കുണ്ടാകുന്ന ഏതൊരു വയറിളക്കവും അപകടം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രോഗാരംഭ ഘട്ടത്തില് തന്നെ ധാരാളമായി വെള്ളം കുടിക്കണം. കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില് വെള്ളം കുടിച്ചാല് നിര്ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന് വെള്ളം എന്നിങ്ങനെ വീടുകളില് നിന്നുള്ള വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ശ്രദ്ധിക്കാം...

- ഭക്ഷണത്തിന് മുമ്പും മലവിസര്ജനത്തിന് ശേഷവും കൈകള് സോപ്പുപയോഗിച്ച് കഴുകുക.

- വ്യക്തിശുചിത്വം പാലിക്കുക.

- തുറസായ സ്ഥലങ്ങളില് മലമൂത്രവിസര്ജനം ചെയ്യാതിരിക്കുക.

- കുഞ്ഞുങ്ങളുടെ ഡയപ്പറുകള് ശരിയായ വിധം സംസ്കരിക്കുക.

- രോഗ ലക്ഷണങ്ങള് ഉള്ളവര് ആഹാരം പാകംചെയ്യാതിരിക്കുക.

- പഴകിയ ഭക്ഷണങ്ങള് കഴിക്കാതിരിക്കുക.

- ഭക്ഷണ പദാര്ഥങ്ങള് ശരിയായ രീതിയില് മൂടിവയ്ക്കുക.

- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാന് അനുവദിക്കരുത്.

- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

- വൃത്തിഹീനമായ സാഹചര്യങ്ങളില് ഇടപഴകാതിരിക്കുക.

- രോഗിയുമായി നേരിട്ടുള്ള സമ്പര്ക്കം ഒഴിവാക്കുക.

- പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

- രോഗ ലക്ഷണമുള്ളവര് ഒആര്എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക.

- കുടിവെള്ള സ്രോതസുകള് ക്ലോറിനേറ്റ് ചെയ്യുക.

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്? : രോഗ ബാധിതരിലുണ്ടാകുന്ന അമിതമായ വയറിളക്കം, കൂടുതലായി അനുഭവപ്പെടുന്ന ദാഹം, നിര്ജലീകരണ ലക്ഷണങ്ങള്, വെള്ളം കുടിക്കാന് കഴിയാത്ത അവസ്ഥ, കഴിഞ്ഞ ആറു മണിക്കൂറില് മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്, വായും നാക്കും വരണ്ടതായി തോന്നുക എന്നീ ലക്ഷണങ്ങളില് ഏതെങ്കിലും കാണ്ടാല് ഉടനെ ഡോക്ടറെ സമീപിക്കുക. ആശുപത്രിയില് കൊണ്ടു പോകുമ്പോള് ഒആര്എസ് ലായനി കുടിക്കുന്നത് നല്ലതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News