Enter your Email Address to subscribe to our newsletters

Thalassery , 20 ജൂണ് (H.S.)
തലശ്ശേരി: 2026-27 സാമ്പത്തിക വർഷത്തെ കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി. ബജറ്റ് പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് സമിതി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള പല പദ്ധതികളും ആശാവഹമാണെന്ന് യോഗം വിലയിരുത്തി. എന്നാൽ, സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ സമഗ്രമായി വിലയിരുത്തുമ്പോൾ മലയോര മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ബജറ്റിനായില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
മലയോര മേഖലയിലെ കർഷകർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വ്യക്തവും ശക്തവുമായ സർക്കാർ ഇടപെടലുകൾ ആവശ്യമായിരുന്നുവെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചൂണ്ടിക്കാട്ടി. വന്യജീവി അക്രമങ്ങൾ, കാർഷിക വിളകളുടെ വിലത്തകർച്ച, വർധിച്ചുവരുന്ന കടബാധ്യതകൾ എന്നിവ കാരണം മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ തറവില വർധിപ്പിച്ചതുകൊണ്ട് മാത്രം കർഷകരുടെ പ്രതിസന്ധി തീരുന്നില്ലെന്നും, ഉൽപ്പാദനച്ചെലവിന് ആനുപാതികമായ വില ഉറപ്പാക്കാൻ സബ്സിഡികളും മറ്റ് സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കുന്ന മലബാറിനും പ്രത്യേകിച്ച് മലയോര ജനതയ്ക്കും സംസ്ഥാനത്തിന്റെ വികസന ചർച്ചകളിൽ നീതിയുക്തമായ പരിഗണന ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കർഷകരുടെ അതിജീവനവും കാർഷിക മേഖലയിലെ പുനരുജ്ജീവനവും ഉറപ്പാക്കാതെ കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം പൂർണ്ണമാകില്ല. ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കൃത്യസമയത്ത് യാഥാർത്ഥ്യത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സർക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
മലബാർ മേഖലയുടെയും മലയോര ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം മുൻനിർത്തിയും, കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടും ബന്ധപ്പെട്ട മന്ത്രിമാരെയും ജനപ്രതിനിധികളെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് കൂടുതൽ ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തുമെന്നും നേതൃത്വം അറിയിച്ചു.
തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ വെരി. റവ. ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. യോഗത്തിൽ ഭാരവാഹികളായ ഫാ. മാർട്ടിൻ തുറക്കൽ, ജിമ്മി ഐത്തമറ്റം, പീയൂസ് പറേടം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബിജു മണ്ടപത്തിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
---------------
Hindusthan Samachar / Roshith K