ലഹരിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല: 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന് മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Thiruvananthapuram, 20 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പൊലീസും ആഭ്യന്തര വകുപ്പും സംയുക്തമായി ആവിഷ്കരിച്ച ''ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്'' (Operation Toofan: The Narco Hunt) പദ്ധതി
ലഹരിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല: 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന് മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


Thiruvananthapuram, 20 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പൊലീസും ആഭ്യന്തര വകുപ്പും സംയുക്തമായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' (Operation Toofan: The Narco Hunt) പദ്ധതിക്ക് പിന്തുണ തേടി വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ പൂർണ്ണമായും ലഹരിമുക്ത സംസ്ഥാനമാക്കുന്നത് വരെ ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലഹരിയുടെ മാരകവലയത്തിൽ വീണുപോകുന്ന യുവതലമുറയെയും വിദ്യാർത്ഥികളെയും സംരക്ഷിക്കാൻ സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പിന്തുണ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ പ്രമുഖ മത-സാമൂഹിക നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തിയത്. ലഹരി വിരുദ്ധ സന്ദേശങ്ങൾ വിശ്വാസികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിൽ മതനേതാക്കൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാരിന്റെയും പൊലീസിന്റെയും ഈ വലിയ ദൗത്യത്തിന് പൂർണ്ണമായ പിന്തുണ നൽകുമെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത വിവിധ മതമേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്.

വേരറുക്കാൻ 'തൂഫാൻ' ദൗത്യം

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവിരുദ്ധ വേട്ടകളിലൊന്നായ 'ഓപ്പറേഷൻ തൂഫാൻ' വഴി ലഹരിയുടെ ഉറവിടങ്ങളും അന്തർസംസ്ഥാന ശൃംഖലകളും തകർക്കുകയാണ് ലക്ഷ്യം.

കേരളത്തിന്റെ മണ്ണിൽ നിന്നും ഈ മാരക വിപത്തിനെ പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ പൊലീസിന്റെ ഈ നാർക്കോ ഹണ്ട് തുടരും. ലഹരി ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, അത് വിതരണം ചെയ്യുന്നവർ എന്നിവർക്ക് പുറമെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മാഫിയകളും കടുത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും.

— രമേശ് ചെന്നിത്തല (ആഭ്യന്തരമന്ത്രി)

വിദ്യാലയങ്ങൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. രാസലഹരിമരുന്നുകളുടെയും സിന്തറ്റിക് ഡ്രഗ്സുകളുടെയും വ്യാപനം തടയാൻ അതിനൂതന സാങ്കേതികവിദ്യകളും ഡിജിറ്റൽ സർവൈലൻസ് സംവിധാനങ്ങളും പൊലീസ് ഉപയോഗിക്കുന്നുണ്ട്.

ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധം

കേവലം ഒരു പൊലീസ് റെയ്ഡ് എന്നതിനപ്പുറം ഇതൊരു ജനകീയ പ്രതിരോധമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലും പ്രാദേശിക തലങ്ങളിലും 'തൂഫാൻ വാരിയേഴ്സ്' എന്ന പേരിൽ യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മകൾ രൂപീകരിക്കും.

അതിർത്തി കടന്നുള്ള ലഹരി ഒഴുക്ക് തടയാൻ കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, എയർപോർട്ട്-പോർട്ട് അതോറിറ്റികൾ തുടങ്ങിയ വിവിധ കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നിലവിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. സ്കൂളുകളുടെ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപ്പന നടത്തുന്നവർക്കെതിരെയും ഡിജെ പാർട്ടികൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകൾക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News