Enter your Email Address to subscribe to our newsletters

Idukki , 21 ജൂണ് (H.S.)
ജില്ലയിലെ മലയോര മേഖലകളെ വീണ്ടും ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് നിന്ന് ഗർഭിണിയായിരുന്ന വളർത്തു പശുവിനെ ചത്തനിലയിൽ കണ്ടെത്തിയതോടെയാണ് കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചത്. ചിന്നക്കനാൽ ബി എൽ റാം ഈട്ടിത്തേരിയിലാണ് വളർത്ത് മൃഗത്തെ കടുവ ആക്രമിച്ചു കൊന്നത്. ബി എൽ റാം സ്വദേശി നെടുംപറമ്പിൽ മാത്യു വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്.
കഴിഞ്ഞ പത്തൊൻപതാം തീയതി മുതലാണ് പശുവിനെ കാണാതായത്. അന്ന് മുതൽ പശുവിനായുള്ള തെരച്ചിൽ നാട്ടുകാർക്കൊപ്പം നടത്തിപ്പോന്നിരുന്നു. തുടർന്ന്, ഇന്നാണ് (ജൂൺ 21) പ്രദേശവാസിയായ ഒരു സ്ത്രീ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച നിലയിൽ ഈട്ടിത്തേരി ഭാഗത്ത് നിന്ന് പശുവിൻ്റെ ജഡം കാണുന്നത്. പിന്നീട് വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ജഡം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കടുവയുടെ കാൽപാടുകൾ തിരിച്ചറിയുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
പശുക്കളെ മേയാനായിട്ട് അഴിച്ചുവിട്ടിരുന്നതാണ്. പത്തൊൻപതാം തീയതി വൈകുന്നേരം ഒരെണ്ണത്തിനെ മാത്രം കണ്ടില്ല. തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെയും അന്വേഷിച്ചിരുന്നു. പക്ഷേ ഇന്ന് ഈ പ്രദേശത്തുള്ള ഒരു സ്ത്രീ തോട്ടത്തിലൂടെ കടന്നുപോകുന്ന വഴിക്ക് ചീഞ്ഞമണം വന്നതിനെത്തുടർന്ന് വന്ന് നോക്കിയപ്പോഴാണ് പശുവിൻ്റെ ജഡം കണ്ടത്. ഇവർക്ക് തൻ്റെ പശുവിനെ കാണാതെ പോയ വിവരം അറിയാമായിരുന്നു.
അപ്പോൾത്തന്നെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വന്ന് നോക്കിയപ്പോഴാണ് തൻ്റെ പശുവാണെന്ന് തിരിച്ചറിയുന്നത്. ഒൻപത് മാസം കഴിഞ്ഞ പശുവാണ്. ഈ ചിന്നക്കനാൽ പ്രദേശത്ത് കടുവയുടേയോ പുലിയുടേയോ ഒരു ശല്യവും ഇല്ലാതിരുന്നിടത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ച അവസ്ഥയാണിപ്പോൾ, എന്ന് ഉടമസ്ഥനായ മാത്യു വർഗീസ് പറയുന്നു.
നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
വന്യമൃഗത്തിൻ്റെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനും അതിൻ്റെ സഞ്ചാരപഥം മനസിലാക്കുന്നതിനുമായി പ്രദേശത്ത് ഉടൻ തന്നെ നിരീക്ഷണ ക്യാമറകൾ (Trap Cameras) സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വന്യമൃഗം വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നിലവിൽ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.
ജനങ്ങൾ ഭീതിയിൽ
തോട്ടം തൊഴിലാളികളും കർഷകരും നിത്യേന സഞ്ചരിക്കുന്ന ബി എൽ റാം മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, വന്യമൃഗത്തെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
പ്രദേശത്ത് കടുവ ഭീഷണി രൂക്ഷമാകുന്നു
അതേസമയം, നേരത്തെയും ഇടുക്കിയിൽ നിന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുണ്ടായി. ജനുവരി പതിനാറിന് പാറേമാവ് പത്തേക്കർ ഭാഗത്തുള്ള വീടിനു പിന്നിലെ വനമേഖലയിൽ കടുവയെ കണ്ടതായി ഒരു വീട്ടമ്മ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. എന്നാൽ പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തിയിട്ടും ഒരു തെളിവും കണ്ടെത്താനായിരുന്നില്ല. അന്ന് പ്രദേശത്ത് ഡ്രോൺ പറത്തിയും കടുവയെ തെരഞ്ഞിരുന്നു. കൂടാതെ പാറേമാവിലെയും ഹിൽവ്യൂ പാർക്കിലെയും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR