Enter your Email Address to subscribe to our newsletters

Malappuram , 21 ജൂണ് (H.S.)
പിഎം ശ്രീ വിവാദത്തിലും ബജറ്റിലെ മദ്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിലും ലീഗിനെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പരിഹസിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീല് രംഗത്ത്.
യുഡിഎഫിനെയും മത നേതാക്കളെയും ഉള്പ്പെടെ കടുത്ത ഭാഷയിലാണ് കെടി ജലീല് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. കഴിഞ്ഞ ദിവസത്തെ ബജറ്റിലെ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തില് യുഡിഎഫിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജലീലിന്റെ പ്രതികരണം.
കർണാടകയില് നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികള്ക്ക് വേണ്ടി ഒഴുകിയ കോടികള്ക്കുള്ള പ്രത്യുപകാരമാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി എന്നാണ് ജലീല് വിമർശിച്ചത്. എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തില് അനുവദനീയമായതെന്നും മുസ്ലീം ലീഗിന്റെ 22 എംഎല്എമാരുണ്ടായിട്ടും ആരും എതിർപ്പുന്നയിച്ചില്ലെന്നും ജലീല് ചൂണ്ടിക്കാട്ടി.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം UDF നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയില് നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥികള്ക്ക് ഒഴുകിയ കോടികള്ക്കുള്ള പ്രത്യുപകാരം!!!
യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തില് ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളില് പ്രസംഗിച്ചതും കേട്ടില്ല.
അല്ലെങ്കിലും യുഡിഎഫിന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികള്ക്കും അഴിമതികള്ക്കും ചൂട്ടുപിടിക്കാനും കൂട്ടുനില്ക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മല്സരിക്കുകയല്ലേ! മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല മയക്കത്തിലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബജറ്റില് തന്നെ ഇങ്ങിനെ ഒരു മഹാമനസ്കത കാണിച്ച യുഡിഎഫ് സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളില് നിന്നും കോഴിക്കോട്ടെ ഖാളീ ഭവനില് നിന്നും വൈകാതെ ഉയരുക!
ലീഗിൻ്റെ ചുണക്കുട്ടികള് എവിടെ? 22 എണ്ണം ഉണ്ടായിട്ട് നോ പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയില് ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിം ലീഗിന്റെ ചരിത്രത്തില് 'തങ്കലിപികളാല്' എഴുതപ്പെടും ഈ മൗനം!
പിഎംശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതില്പരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ!
---------------
Hindusthan Samachar / CHANDHU CHANDRASEKHAR