Enter your Email Address to subscribe to our newsletters

Idukki , 21 ജൂണ് (H.S.)
അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2026 ൻ്റെ ഭാഗമായുള്ള മത്സരാർഥികൾ മൂന്നാറിൽ. 18 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഫൈനൽ മത്സരത്തിന് മുന്നോടിയായി മൂന്നാർ വൈബ് റിസോർട്ടിലെത്തിയത്. ജൂൺ 23-ന് കൊച്ചിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് മുൻപായി പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ അവസാനഘട്ട പരിശീലനവും ഫോട്ടോഷൂട്ടുകളും നടത്തുന്നതിനായാണ് ഇവർ മൂന്നാർ തെരഞ്ഞെടുത്തിരിക്കുന്നത്.
ന്യൂസിലൻഡ്, യുഎഇ, ഇന്ത്യ, തായ്വാൻ, നേപ്പാൾ, അയർലൻഡ്, ഫ്രാൻസ്, കുവൈറ്റ്, ചെക്ക് റിപ്പബ്ലിക്, യുകെ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബഷ്കോർട്ടോസ്റ്റാൻ, ചൈന, കാമറൂൺ, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മത്സരാർഥികൾ ഈ ഒരു മത്സരത്തിനായി ഇവിടെ എത്തിചേർന്നിരിക്കുന്നത്. നമ്മൾ ഇന്ന് മുന്നാറിൻ്റെയും ഇടുക്കിയുടെയും ഭംഗി കാണാനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഈ കൂട്ടത്തിലുള്ള പലരും ഇന്ത്യയിൽ തന്നെ ആദ്യമായാണ് എത്തുന്നത്. അങ്ങനെയുള്ളവർക്ക് മുന്നാർ പോലുള്ള ഒരു സ്ഥലം തന്നെയാണ് എന്തുകൊണ്ടും ഇചിതമെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പൗർണമി മുരളി പറഞ്ഞു.
മൂന്നാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും മലനിരകളുടെ ദൃശ്യഭംഗിയും ആസ്വദിച്ച മത്സരാർഥികൾ പ്രദേശത്തിൻ്റെ കാലാവസ്ഥയെയും പ്രകൃതി സൗന്ദര്യത്തെയും പ്രശംസിച്ചതായി സംഘാടകർ അറിയിച്ചു. വൈബ് മൂന്നാർ റിസോർട്ട് ആൻഡ് സ്പായിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ഇൻഫിനിറ്റി സ്വിമ്മിങ് പൂളിൻ്റെ ഉദ്ഘാടനവും നടന്നു.
ലോകസുന്ദരികളുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ഭംഗി പകർന്നുവെന്ന് റിസോർട്ട് ചെയർമാൻ ഡോ. ജോളി ആൻ്റണി പറഞ്ഞു. വൈബ് റിസോർട്ടിൻ്റെ സിഇഒ ജെറിൻ ഫിലിപ്പ്, പെഗാസിസ് ഗ്ലോബൽ കമ്പനി ചെയർമാൻ ഡോ. അജിത് രവി, ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ ജിഹാദ് ഹുസൈൻ, ഫോഗ് റിസോർട്ട് ജനറൽ മാനേജർ പ്രവീൺ എന്നിവരും പങ്കെടുത്തു.
ഡോ. അജിത് രവിയുടെ നേതൃത്വത്തിലുള്ള പെഗാസിസ് ഗ്ലോബലാണ് മിസ് ഗ്ലാം വേൾഡ് മത്സരം സംഘടിപ്പിക്കുന്നത്. ലോകസുന്ദരികളുടെ ഈ സന്ദർശനം മൂന്നാറിൻ്റെ അന്തർദേശീയ ടൂറിസം സാധ്യതകൾക്ക് കൂടുതൽ കരുത്ത് പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ ചിലവഴിച്ച ദിവസങ്ങളുടെ മനോഹര ഓർമ്മകളുമായി മത്സരാർത്ഥികൾ കൊച്ചിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിനായി മടങ്ങും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR