Enter your Email Address to subscribe to our newsletters

Alappuzha , 21 ജൂണ് (H.S.)
''നിർത്തിക്കോ, ഇത് അവസാന മുന്നറിയിപ്പ്'' കർശന താക്കീതുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെ മറവിൽ ലഹരി കടത്തുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന താക്കീതുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
'ഓൺലൈനിൽ വിളിച്ചാൽ ഭക്ഷണം വീട്ടിലെത്തിക്കുന്നവരുണ്ടല്ലോ... അവരെക്കുറിച്ചും ഗുരുതര പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അവസാന മുന്നറിയിപ്പാണ്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഈ പരിപാടി അവസാനിപ്പിക്കണം.
വെറുതെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടാക്കരുത് മന്ത്രി വ്യക്തമാക്കി.
'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ള ഡെലിവറി ശൃംഖലകൾ ദുരുപയോഗം ചെയ്ത് ലഹരി എത്തിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, തുടർന്നാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
'ഓപ്പറേഷൻ തൂഫാൻ' പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ആരുടെയും ശുപാർശ പരിഗണിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആംബുലൻസുകൾ ലഹരി കടത്തിനും വിൽപ്പനയ്ക്കുമായി ഉപയോഗിക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽ അവയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കയർ മേഖലയിൽ സമഗ്ര പരിഷ്കരണവും പുരോഗമനവും ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു .
ആലപ്പുഴയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കയർ വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുമതലയേറ്റ ഉടൻ തന്നെ കയർ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തി.
തൊഴിലാളികളുടെ കൂലി വർധന, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ പരാതികൾ, കയറ്റുമതി വർധിപ്പിക്കൽ, പുതിയ വിദേശ വിപണികൾ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
കയർ മേഖലയിലെ പ്രശ്നങ്ങളും വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കയർ കയറ്റുമതിക്കാരുടെ പ്രത്യേക യോഗം ജൂലയ് 4-ന് ആലപ്പുഴയിൽ ചേരും. കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് യോഗം രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ ഇടനാഴി, പിൽഗ്രിം ടൂറിസം പദ്ധതി, ബ്ലൂ ഇക്കോണമിയുടെ ഭാഗമായി പ്രത്യേക വികസന രൂപരേഖ, പുതിയ മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടെ ബജറ്റിലൂടെ ആലപ്പുഴയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ ജില്ലയുടെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുന്നതാണെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR