സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു.
Ernakulam , 21 ജൂണ് (H.S.) ഖനന കമ്പനിയായ സിഎംആർഎല്ലും നിലവിൽ പ്രവർത്തനരഹിതമായ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെൻ്റ് ഡയ
Veena Vijayan


Ernakulam , 21 ജൂണ് (H.S.)

ഖനന കമ്പനിയായ സിഎംആർഎല്ലും നിലവിൽ പ്രവർത്തനരഹിതമായ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കമെന്നാണ് വിലയിരുത്തൽ. വരുന്ന ജൂൺ 29ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്ക് ലോക്കർ പരിശോധനയ്ക്ക് പിന്നാലെ വീണ്ടും സമൻസ്

കേസുമായി ബന്ധപ്പെട്ട് ഇഡി വീണ വിജയനെ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ജൂൺ 17 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് ഒൻപത് മണിക്കൂറിലധികം നേരം വീണയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂൺ 19 ന് തിരുവനന്തപുരത്തുള്ള വീണയുടെ ബാങ്ക് ലോക്കറുകളിൽ ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധനയും നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും വീണ മുൻപ് നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയത്.

കോടികൾ വാങ്ങിയെന്ന് ആരോപണം

വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസിന് സിഎംആർഎൽ കമ്പനി യാതൊരുവിധ സേവനങ്ങളും ലഭ്യമാക്കാതെ 2.78 കോടി രൂപ നൽകി എന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. കൂടാതെ സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ നേത്യത്വത്തിലുള്ള മറ്റൊരു കമ്പനിയായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് , ക്യത്യസമയത്ത് തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചതായും ഇഡി ചൂണ്ടിക്കാണിക്കുന്നു. ഈ ഇടപാടുകളിലൂടെ ഇരുവരും കള്ളപ്പണം ഉണ്ടാക്കിയെന്നാണ് കേന്ദ്ര ഏജൻസിയുടെ ആരോപണം.

കോർപ്പറേറ്റ് മന്ത്രാലയത്തിൻ്റെ അന്വേഷണ റിപ്പോർട്ട്

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) 2025 ഏപ്രിലിൽ എറണാകുളം കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ 130 കോടിയോളം രൂപയുടെ വ്യാജ ചെലവുകൾ ഉൾപ്പെടെയുള്ള വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മറ്റ് നാല് പ്രതികളുടെ മൊഴികളും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News