Enter your Email Address to subscribe to our newsletters

Koyilandi, 21 ജൂണ് (H.S.)
കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിന് സമീപം വീട്ടമ്മയെ വീടിനോട് ചേർന്ന ഷെഡിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. പാറക്കൽ താഴെ സുധ (55) ആണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകം അറിയുന്നത്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും മുങ്ങിപ്പയ ഭർത്താവ് കുട്ടിക്കൃഷ്ണനെ കൊയിലാണ്ടി പൊലീസ് അതിവേഗം പിന്തുടർന്ന് പിടികൂടിയിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊയിൽക്കാവ് ബീച്ചിനടുത്തുള്ള സ്കൂൾ ഗ്രൗണ്ടിന് സമീപമാണ് സുധയും കുടുംബവും താമസിക്കുന്ന നാലു സെന്റ് ഭൂമിയും വീടും സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച പുലർച്ചെ സുധയെ വീടിനോട് ചേർന്നുള്ള താല്കാലിക ഷെഡിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. സുധയുടെ ശരീരത്തിൽ മാരകമായ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. അതിക്രൂരമായ കൊലപാതക വാർത്തയറിഞ്ഞ് പുലർച്ചെ മുതൽ തന്നെ നാടൊന്നാകെ സുധയുടെ വീട്ടിലേക്കും പരിസരത്തേക്കും ഒഴുകിയെത്തി. അപ്രതീക്ഷിതമായ ഈ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും ഈ തീരദേശ ഗ്രാമം.
വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി ആളുകൾ സുധയുടെ വസതി സന്ദർശിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ശശികുമാർ, ചേമഞ്ചേരി പഞ്ചായത്തംഗം പി. സത്യൻ, മുൻ പഞ്ചായത്തംഗം ബേബി സുന്ദർരാജ്, വാർഡ് മെംബർ മിഥുൻ, പി.പി. ലത്തീഫ്, സി.പി. അലി തുടങ്ങിയ പ്രമുഖർ സുധയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
കൊലപാതകം നടന്ന സ്ഥലത്ത് കൊയിലാണ്ടി പൊലീസും വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് കുട്ടിക്കൃഷ്ണനെ കൃത്യമായ അന്വേഷണത്തിലൂടെ പൊലീസ് മണിക്കൂറുകൾക്കകം തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനും കൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ് സംഘം.
---------------
Hindusthan Samachar / Roshith K