Enter your Email Address to subscribe to our newsletters

Ernakulam , 22 ജൂണ് (H.S.)
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില് ഹൈക്കോടതി വിശദമായ വാദം കേള്ക്കും. പള്സര് സുനി ഉള്പ്പടെയുള്ള പ്രതികളുടെ അപ്പീലിലാണ് വാദം. വാദം കേള്ക്കാനായി അപ്പീല് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
കേസിൽ ആറ് പ്രതികളെ 20 വർഷത്തെ കഠിനതടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരായ അപ്പീലിലിൽ തീരുമാനമാകുന്നതുവരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. ഇവരുടെ ശിക്ഷ വർധിപ്പിക്കണമെന്നും, ദിലീപടക്കം വെറുതെ വിട്ട നാലുപ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സർക്കാരിൻ്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഉൾപ്പെടെ 6 പ്രതികളെ ശിക്ഷിച്ച എറണാകുളം പ്രlൻസിപ്പൽ സെഷൻസ് കോടതി, ദിലീപുൾപ്പെടെ 4 പേരെ വെറുതെ വിട്ടിരുന്നു.
അതേസമയം മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ വിചാരണ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി രജിസ്ട്രാർക്ക് സെഷൻസ് കോടതി കൈമാറണമെന്നാണ് നിർദേശം.
സീൽഡ് കവറിലാണ് ഇവ കൈമാറേണ്ടത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഈ മെമ്മറി കാർഡും പെൻഡ്രൈവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതിജീവിതയുടെ ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടും ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസിൽ അതിജീവിതയുടെ ഹര്ജി ഫയലില് സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതോടൊപ്പം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജിയിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഒരു മാസത്തിനുള്ളിൽ നിലപാട് അറിയിക്കുകയും വേണം.
നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നീ രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ഹർജി നൽകുകയും ചെയ്തത്. കേസ് അട്ടിമറിച്ചതിലും അന്വേഷണം വേണമെന്നും മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR