എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ.
Thiruvananthapuram , 22 ജൂണ് (H.S.) എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാ
Rajeev Chandrasekhar


Thiruvananthapuram , 22 ജൂണ് (H.S.)

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു;

ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ

ലഹരി ഒഴുക്കാൻ ശ്രമിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേരളത്തിലെ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടുന്ന നടപടിയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ പ്രസ്താവിച്ചു. മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ടോയെന്ന് സംശയിക്കണം. ഇതാണ് വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറാവാത്തതിന്റെ കാരണം.

കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്നത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു ഭാഗത്ത് ലഹരിവേട്ടയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പ്രഖ്യാപിക്കുമ്പോൾ, മറുഭാഗത്ത് ലഹരിയുടെ ലഭ്യതയും ഉപഭോഗവും വർധിപ്പിക്കാൻ സഹായിക്കുന്ന തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കടുത്ത വൈരുധ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ സമാനമായ നീക്കം പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രിയായ ശേഷം എൽഡിഎഫിന്റെ അതേ നയം തുടരുകയാണ്. അധികാരം മാറിയെങ്കിലും മദ്യനയത്തിൽ മാറ്റമില്ലെന്നും, മദ്യവിപണിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് സമൂഹത്തിന് വളരെ അപകടകരമായ സന്ദേശമാണ് നൽകുക. ഇത്തരം മദ്യം അപകടകരമല്ല, ആരോഗ്യപരമായി വലിയ പ്രശ്നങ്ങളുണ്ടാക്കില്ല എന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിൽ സൃഷ്ടിക്കപ്പെടും. ഇതിലൂടെ പുതിയ തലമുറയെ കൂടുതൽ ലഹരി ഉപയോഗത്തിലേക്ക് ആകർഷിക്കാനും മദ്യ ഉപഭോഗം വർധിപ്പിക്കാനുമാണ് വഴിയൊരുങ്ങുക. ലഹരിക്കെതിരായ പോരാട്ടം പ്രഖ്യാപിക്കുന്ന സർക്കാർ തന്നെ ലഹരിയുടെ സ്വീകാര്യത വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണ്.

സ്വന്തം പാർട്ടിയിലോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായോ പോലും വിശദമായ കൂടിയാലോചന നടത്താതെയാണ് മുഖ്യമന്ത്രി ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ ഏകപക്ഷീയ തീരുമാനത്തിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി താൽപര്യങ്ങളുണ്ടോയെന്ന സംശയം ശക്തമാണ്. ഇക്കാര്യത്തിൽ സർക്കാർ സമഗ്രമായ വിശദീകരണം നൽകണം.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണം. കേരളത്തെ ലഹരിമുക്തമാക്കണമെങ്കിൽ ലഹരി ഉപയോഗത്തിന് പ്രോത്സാഹനം നൽകുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ എം എൽ എ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News