Enter your Email Address to subscribe to our newsletters

Ernakulam, 22 ജൂണ് (H.S.)
എറണാകുളം വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പലിന് വൻ തീപിടിത്തം. പുലർച്ചെ മൂന്നുമണിയോടെയാണ് കപ്പലിൻ്റെ മുകൾഭാഗത്ത് തീ പടർന്നത്. അഗ്നിരക്ഷാസേനയുടെയും പൊലീസിൻ്റെയും നേതൃത്വത്തിൽ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
വൈപ്പിനിലെ ഗവൺമെൻ്റ് സ്കൂളിന് പിൻഭാഗത്തുള്ള യാർഡിലാണ് സംഭവം. സർവീസ് പൂർത്തിയാക്കി മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ഇടത്തരം വലിപ്പമുള്ള കപ്പലിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നുമണിയോടെ കപ്പലിൻ്റെ മുകൾത്തട്ടിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്കും തീ വ്യാപിച്ചു.
കപ്പലിൽ കെമിക്കലുകളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ തീ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തീപിടിത്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ ഈ രാസവസ്തുക്കളുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കപ്പലിൻ്റെ ഉൾഭാഗത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ അഗ്നിരക്ഷാസേന സ്വീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഊർജിതം
വിവരമറിഞ്ഞയുടൻ വൈപ്പിനിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ആദ്യഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. കരയിൽ നിന്നുകൊണ്ട് തീയണയ്ക്കാനായിരുന്നു ആദ്യശ്രമം. എന്നാൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനാൽ, ഉദ്യോഗസ്ഥർ കപ്പലിനുള്ളിൽ പ്രവേശിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. നിലവിൽ കപ്പലിൻ്റെ മുകൾഭാഗം പൂർണമായും കത്തിനശിച്ച അവസ്ഥയിലാണ്. പ്രദേശത്താകെ വൻ പുകപടലം ഉയർന്നിട്ടുണ്ട്. ഗോശ്രീ പാലത്തിൽ നിന്നടക്കം ഈ പുകച്ചുരുളുകൾ കാണാൻ സാധിക്കും. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. തീരദേശവാസികൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വൻ ദുരന്തം ഒഴിവായി
പൊലീസും കോസ്റ്റ് ഗാർഡും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്. തീപിടിച്ച കപ്പലിന് സമീപത്തായി മറ്റ് കപ്പലുകളോ ചെറിയ ബോട്ടുകളോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മറ്റ് യാനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഏത് കപ്പലിനാണ് തീപിടിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
തീ പൂർണമായും അണച്ചതിന് ശേഷം മാത്രമേ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്താൻ സാധിക്കൂ. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി പോലൊരു തീരദേശ നഗരത്തിൽ കപ്പലുകൾക്ക് തീപിടിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ അതീവ ജാഗ്രതയോടെയാണ് കോസ്റ്റ് ഗാർഡും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. യാർഡിലെ മറ്റ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR