Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ജൂണ് (H.S.)
ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബലാത്സംഗ ശ്രമത്തിനുള്ള വകുപ്പിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസിലെ വിധി നാളെ പ്രസ്താവിക്കും.
ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭയപ്പെടുത്തിയാണ് പ്രതി പീഡനവും ഭീഷണിയും തുടര്ന്നത്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെൻ്ററിൽ 2018 മുതൽ പരിശീലനത്തിനെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. ആദ്യ കുറച്ചു നാളുകൾക്ക് ശേഷം, പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്കും വിവിധ ബാത്ത്റൂമുകളിലേക്കും കൊണ്ടുപോയാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രതി മൊബൈലിൽ പകർത്തി. കൂടാതെ മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കുട്ടിയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തു. പ്രതിയുടെ ക്രൂരതകൾക്ക് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് ശരിയായ കോച്ചിങ് നൽകാതെ പ്രതി പ്രതികാരം തീർത്തു. ഇതോടെ മാനസികമായി തളർന്ന കുട്ടി 2019-ൽ കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് മാറി.
പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ഭയം കാരണം പെൺകുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് പെൺകുട്ടികളെയും പ്രതി സമാനമായ രീതിയിൽ പീഡിപ്പിച്ചിരുന്നു. അവരും മനംനൊന്ത് മറ്റ് സ്ഥലങ്ങളിലേക്ക് കോച്ചിങ്ങിനായി പോവുകയായിരുന്നു.
സംഭവം പുറത്തായത് ടൂർണമെൻ്റിനിടെ; പ്രതിക്കെതിരെ ആറ് കേസുകൾ
വർഷങ്ങളോളം മൂടിവെക്കപ്പെട്ട ഈ ക്രൂരത പുറത്തറിയുന്നത് 2024-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻ്റിനിടയിലാണ്. ടൂർണമെൻ്റിൽ പങ്കെടുക്കാൻ എത്തിയ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ അവിടെ അപ്രതീക്ഷിതമായി കണ്ടതോടെ ഭയന്ന് ബഹളം വെച്ചു. ഇതോടെയാണ് വർഷങ്ങളായി നടന്ന പീഡനവിവരം പുറംലോകം അറിയുന്നത്.
ഈ കുട്ടിയുടെ പരാതിക്ക് പിന്നാലെ, മറ്റ് കുട്ടികൾക്കും പരാതി നൽകാനുള്ള ധൈര്യം ലഭിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇതിലൊരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ കോടതിയിൽ ഹാജരായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR