മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കിയതിലൂടെ സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ്
Thiruvananthapuram , 22 ജൂണ് (H.S.) മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കിയതിലൂടെ സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് ആരോപിച്ചു. ഈ വ
Dean-Kuriakose


Thiruvananthapuram , 22 ജൂണ് (H.S.)

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കിയതിലൂടെ സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് ആരോപിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം രൂപീകരിച്ച ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയിൽ നിന്ന് കേരളം നീതി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്തുന്നതിനായി എൻ.ഡി.എസ്.എ രൂപീകരിച്ച അഞ്ചംഗ അണക്കെട്ട് സുരക്ഷാ മൂല്യനിർണ്ണയ സമിതിയിൽ നിന്നാണ് കേരളത്തിൻ്റെ പ്രതിനിധിയായ ടി.കെ ശിവരാജനെ അടുത്തിടെ നീക്കം ചെയ്തത്.

കേരള സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിൽ നിന്നാണ് ഈ പ്രതിനിധിയെ തെരഞ്ഞെടുത്തത്. എന്നാൽ സംസ്ഥാനത്തോട് ആലോചിക്കുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. ഇത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് നിയമിച്ച കേരളത്തിൻ്റെ പ്രതിനിധിയെയാണ് ഇപ്പോൾ ഏകപക്ഷീയമായി നീക്കിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീലിന് കത്തയച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് അറിയിച്ചു. സമിതിയിൽ കേരളത്തിൻ്റെ പ്രാതിനിധ്യം തിരികെ കൊണ്ടുവരാൻ കേന്ദ്രം വേഗത്തിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താഴേത്തട്ടിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് കേരളത്തിൻ്റെ എപ്പോഴത്തെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെ എതിർക്കുകയും ജലനിരപ്പ് ഇനിയും ഉയർത്താൻ ആവശ്യപ്പെടുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയൻ്റെ സമീപകാല പ്രസ്താവനകളെയും അദ്ദേഹം വിമർശിച്ചു.

ആ നിലപാട് നിരാശാജനകവും കേരളത്തിൻ്റെ ആശങ്കകളെ തള്ളിക്കളയുന്നതുമാണ്. കേരളത്തിലെ അഞ്ച് ജില്ലകളിലായി താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സുരക്ഷയും ഈ പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു, കുര്യാക്കോസ് പറഞ്ഞു.

130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണനയെന്നും എം.പി ആവർത്തിച്ചു. അന്തർ സംസ്ഥാന തർക്കങ്ങളിൽ നിഷ്പക്ഷമായ വിലയിരുത്തൽ നടത്താനാണ് ദേശീയ അണക്കെട്ട് സുരക്ഷാ നിയമപ്രകാരമുള്ള വിദഗ്ദ്ധ സമിതികൾ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സമിതികൾക്ക് മുന്നിൽ തങ്ങളുടെ ഭാഗം ന്യായമായി അവതരിപ്പിക്കാൻ കേരളത്തിന് കൃത്യമായ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ, ഈ പ്രക്രിയയിൽ കേരളത്തിന് ശബ്ദമില്ലാത്ത അവസ്ഥയാണ്. കേന്ദ്രം ഉടൻ ഇടപെട്ട് സംസ്ഥാനത്തിൻ്റെ പ്രാതിനിധ്യം പുനഃസ്ഥാപിക്കുകയും കേരളത്തിന് നീതി ഉറപ്പാക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ഈ വിഷയം നിയമസഭ ചർച്ച ചെയ്യണമെന്നും കേന്ദ്രത്തെ ആശങ്ക അറിയിക്കണമെന്നും കുര്യാക്കോസ് കൂട്ടിച്ചേർത്തു.

കേരളത്തിൻ്റെ ശക്തമായ വിയോജിപ്പ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളത്തിൻ്റെ പ്രതിനിധിയെ ഉടൻ സമിതിയിൽ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News