Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ജൂണ് (H.S.)
ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ നടപടി തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വൈകിട്ട് നാല് മണിക്ക് വിധി പ്രസ്താവിക്കും.
ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ട്രൈബ്യൂണലിൻ്റെ തിരുവനന്തപുരം ബെഞ്ച് ഈ സ്ഥലംമാറ്റം നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ഡോ. കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി 2025 ഫെബ്രുവരിയിൽ തന്നെ അവസാനിച്ചതാണ്. തുടർന്ന് ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകിയ കാലാവധിയും 2026 ഫെബ്രുവരിയിൽ അവസാനിച്ചു. അതിനുശേഷം കാലാവധി നീട്ടി നൽകിയിട്ടില്ല എന്ന പ്രധാന വാദമാണ് ഹൈക്കോടതിയിൽ സർക്കാർ ഉന്നയിച്ചത്.
ഡോക്ടറെ തരംതാഴ്ത്തുകയോ പദവി കുറയ്ക്കുകയോ ചെയ്തിട്ടില്ല. സമാന പദവിയിലുള്ള തസ്തികയിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരുമായി സഹകരിക്കുന്നില്ലെന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകൾ പരിശോധിക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമുണ്ടോ എന്ന് മാത്രമേ കോടതി പരിശോധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച്, അപ്പീൽ നാളെ വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
സർക്കാരുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും റീനയെ പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയത്.
പകർച്ചവ്യാധിക്കാലത്ത് ഡോ. റീന 15 ദിവസം അവധി ആവശ്യപ്പെട്ടെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു ശരിയല്ലെന്നും 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞിരുന്നു. ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ റീന രണ്ട് ദിവസത്തെ അവധിക്കാണ് അപേക്ഷിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലീവെടുത്ത് വിശ്രമിക്കാനും നിർദ്ദേശിച്ചിരുന്നുവെന്ന് റീന പറഞ്ഞു. 30 വർഷം സർവീസുള്ള ഒരാളെ മാറ്റിയ നടപടി ശരിയായില്ല. നീതിനിഷേധമാണ് നടന്നതെന്നും ഡോ. റീന നേരത്തെ പറഞ്ഞിരുന്നു. പബ്ലിക്ക് ഹെൽത്ത് ലാബ് ഡയറക്ടർ ആയി എറണാകുളത്തേക്കാണ് സർക്കാർ റീനയെ സ്ഥലം മാറ്റിയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR