Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ജൂണ് (H.S.)
വെള്ളനാട് കൃഷിവിജ്ഞാന കേന്ദ്രം (കെവികെ), കൊച്ചി ഐസിഎആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT), കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ട്രൈബൽ മേഖലയിലെ മത്സ്യകർഷകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. മത്സ്യകൃഷിയോടൊപ്പം മത്സ്യ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മൂല്യവർധന സാധ്യതകളെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനമാണ് വിജയകരമായി പൂർത്തിയായത്.
മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ കെവികെ സബ്ജക്ട് സ്പെഷ്യലിസ്റ്റ് ശ്രീമതി ചിത്ര അധ്യക്ഷത വഹിച്ചു. ശ്രീമതി മഞ്ജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമതി ബിന്ദു, ഡോ. ഉദയകൃഷ്ണൻ, ഐ.സി.എ.ആർ-സി.ഐ.എഫ്.ടി സീനിയർ സയന്റിസ്റ്റ് ഡോ. ചന്ദ്രശേഖരൻ, ഡോ. സരിക, സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർ അനീഷ എന്നിവർ പങ്കെടുത്തു.
പരിശീലനത്തിന്റെ ആദ്യദിനം മത്സ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിപണന സാധ്യതകൾ എന്നിവയെക്കുറിച്ച് ഡോ. സരിത വിശദീകരിച്ചു നൽകി. തുടർന്ന് സിഐഎഫ്ടി ടെക്നിക്കൽ ഓഫീസർ ശ്രീമതി സുസ്മിത മത്സ്യം വൃത്തിയാക്കൽ, മാംസം വേർതിരിക്കൽ, ഉണക്കമത്സ്യം വിപണനത്തിനായി തയ്യാറാക്കുന്ന രീതികൾ എന്നിവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനം നൽകി.
രണ്ടാം ദിവസം വൃത്തിയാക്കിയ മത്സ്യമാംസം ഉപയോഗിച്ച് മീൻ അച്ചാർ, മീൻ കട്ട്ലെറ്റ്, മീൻ ബോൾസ്, മീൻ റോൾ, ഉണക്ക ചെമ്മീൻ പൊടി തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിൽ കർഷകർക്ക് പ്രായോഗിക പരിശീലനവും നൽകി.
പങ്കെടുത്ത കർഷകർ ഉൽപ്പന്ന നിർമാണ രീതികൾ വിജയകരമായി അഭ്യസിച്ചു. മൂന്നാം ദിവസം തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയമായ പാക്കിംഗ്, സ്റ്റിക്കർ പതിക്കൽ, ഉണക്കമത്സ്യം തികച്ചും ശുചിത്വത്തോടെ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്ന രീതികൾ എന്നിവയിലാണ് പരിശീലനം നൽകിയത്.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ സിഐഎഫ്ടി സീനിയർ സയന്റിസ്റ്റ് ഡോ. ചന്ദ്രശേഖരൻ, ഡോ. സരിക, കെവികെ സബ്ജക്ട് സ്പെഷ്യലിസ്റ്റുമാരായ ശ്രീമതി ബിന്ദു, ശ്രീമതി മഞ്ജു, ഡോ. ഉദയകുമാർ എന്നിവർ സംസാരിച്ചു.
പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും കെവികെയുടെയും സിഐഎഫ്ടിയുടെയും നേതൃത്വത്തിൽ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ പരിശീലനങ്ങൾ ഭാവിയിലും സംഘടിപ്പിക്കണമെന്ന് കർഷകർ ചടങ്ങിൽ ആവശ്യപ്പെട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR