സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്.
Thiruvananthapuram , 22 ജൂണ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഇന്ന് പവന് 320 രൂപ വർധിച്ച് 1,07,440 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 13,430 രൂപയാണ് ഇന്നത്തെ വിപണി വില. സ്വർണം വാങ്ങുന്നവ
Gold rate increased


Thiruvananthapuram , 22 ജൂണ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഇന്ന് പവന് 320 രൂപ വർധിച്ച് 1,07,440 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 13,430 രൂപയാണ് ഇന്നത്തെ വിപണി വില. സ്വർണം വാങ്ങുന്നവർക്ക് നിരക്കിലെ ഈ കുതിപ്പ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നവരെയും വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവരെയും ഈ വിലക്കയറ്റം സാരമായി ബാധിക്കും.

മറ്റ് സ്വർണ നിരക്കുകൾ

18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 11,040 രൂപയായി. പവന് 88,320 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിച്ച് 8,595 രൂപയും പവന് 68,760 രൂപയുമായി രേഖപ്പെടുത്തി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വെള്ളിവില

സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ച് വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് വിപണി വില. പത്ത് ഗ്രാം വെള്ളിക്ക് 2,500 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർധിക്കുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്.

പണിക്കൂലിയും നികുതിയും

സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.

സമാധാന കരാറും സ്വർണവിലയും

മാസങ്ങൾ നീണ്ട അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ വെടിനിർത്തൽ കരാറിലെത്തിയത് സ്വർണവിലയെ കാര്യമായി ബാധിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക, ഇറാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ലേക്ക് ലൂസേൺ ഉച്ചകോടിക്ക് സ്വിറ്റ്സർലൻഡിൽ തുടക്കമായി. കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവച്ച ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ നടപ്പിലാക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ചർച്ചകൾ ആഗോള സ്വർണവിലയുടെ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വില നിർണയത്തിലെ ആഗോള ഘടകങ്ങൾ

ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്നു.

അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. വരും ദിവസങ്ങളിലും സമാനമായ ആഗോള സാമ്പത്തിക കാരണങ്ങൾ സ്വർണവിപണിയെ സ്വാധീനിച്ചേക്കാം എന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News