Enter your Email Address to subscribe to our newsletters

Thiruvananthapuram 22 ജൂണ്‍ (H.S.)
തിരുവനന്തപുരം : തലസ്ഥാനത്ത് പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ നട്ടെല്ല് സംബന്ധിക്കുന്ന രോഗങ്ങൾക്ക് ചികിത്സ നടത്തുന്നയാൾക്കെതിരെ ക്രിമിനൽനിയമപ്രകാരം പരാതി സമർപ്പിക്കാൻ തീരുമാനിച്ചതായി കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ചാക്കയിലാണ് ഗുരുപാദം ക്ലിനിക്ക്, കരിങ്കൽ, തമിഴ്നാട് എന്ന വിലാസത്തിൽ സ്പൈൻ സ്പെഷലിസ്റ്റ് എന്ന പേരിൽ പരസ്യം സ്ഥാപിച്ചത്.
ചികിത്സ നടത്തുന്നയാൾക്ക് കേരളം, തമിഴ്നാട് മെഡിക്കൽ കൗൺസിലുകളിൽ രജിസ്ട്രേഷനില്ലെന്ന് കേരള മെഡിക്കൽ കൗൺസിൽ കണ്ടെത്തി. എന്നാൽ കേരള മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എത്തിക്സിന് വിരുദ്ധമായ പ്രവൃത്തിക്കെതിരെയും സംസ്ഥാനത്ത് നടക്കുന്ന വ്യാജ ചികിത്സക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ മാത്രമാണ് കേരള മെഡിക്കൽ കൗൺസിലിന് അധികാരമുള്ളതെന്ന്
രജിസ്ട്രാർ കമ്മീഷനെ അറിയിച്ചിരുന്നു. പരാതിയിൽ പറയുന്ന സ്ഥാപനം തമിഴ്നാട്ടിലായതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്നും രജിസ്ട്രാർ അറിയിച്ചു.
കേരളത്തിൽ ഇത്തരം പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ ചികിത്സ നടത്തിയാൽ മലയാളികൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ക്രിമിനൽ പരാതി നൽകണമെന്നും കമ്മീഷൻ മെഡിക്കൽ കൗൺസിലിന് 2021 ഡിസംബർ 18 ന് നിർദ്ദേശം നൽകിയിരുന്നു.പേരിന് മുമ്പ് ഡോക്ടർ എന്ന് ചേർത്ത് ഇദ്ദേഹം പരസ്യം നൽകാറുണ്ട്. എന്നാൽ 2021 ലെ ഉത്തരവ് മെഡിക്കൽ കൗൺസിൽ നടപ്പാക്കിയില്ല.
തുടർന്ന് കമ്മീഷൻ രജിസ്ട്രാർക്ക് നോട്ടിസയച്ചു.
നോട്ടീസിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ടിലെ സെക്ഷൻ 42 പ്രകാരം ചികിത്സകനെതിരെ ക്രിമിനൽ പരാതി നൽകാൻ തീരുമാനിച്ചതായി കൗൺസിൽ രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. 2021 ലെ ഉത്തരവ് നടപ്പിലാക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നത് ആശ്ചര്യകരമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പൊതു പ്രവർത്തകനായ കെ. ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S