Enter your Email Address to subscribe to our newsletters

Alappuzha , 22 ജൂണ് (H.S.)
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിലും ധാതുമണൽ ഖനനത്തിലുമുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്ന് കെസി വേണുഗോപാൽ. നയപരമായ കാര്യങ്ങളിൽ പാർട്ടിയിൽ ചർച്ച നടത്തും. ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
''മദ്യനയത്തിലും ധാതുമണൽ ഖനനത്തിലും കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നയമുണ്ട്. കോൺഗ്രസിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു നയമുണ്ട്. കേരളത്തിൽ അത്തരം നയങ്ങളിൽ നിന്ന് മാത്രമേ മുന്നോട്ടുപോകാനാവൂ. സർക്കാർ നല്ല ഉദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിൽ പോലും ജനങ്ങൾക്ക് സ്വീകാര്യമാണെന്ന് ഉറപ്പുവരുത്തണം'' എന്നും കെസി പറഞ്ഞു.
കരിമണൽ ഖനനത്തിൽ തീരദേശത്തെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട സംഘടനകളുമായും തൊഴിലാളികളുമായും ആശയവിനിമയം നടത്തിയശേഷം മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പണവും അധികാരവും കൊടുത്ത് കോടിക്കണക്കിന് രൂപ വിലപറഞ്ഞ് ജയിച്ച എംപിമാരെ മോദി സർക്കാർ വിലയ്ക്കെടുക്കുകയാണെന്നും അദ്ദഹം പ്രതികരിച്ചു. ജനാധിപത്യം ഇല്ലാതാക്കി പിടിച്ചെടുത്ത ഭരണം നിലനിർത്താനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
പാർലമെന്റിൽ പരാജയപ്പെട്ട ഡീലിമിറ്റേഷൻ ബിൽ വീണ്ടും അവതരിപ്പിച്ച് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനാണ് പാർട്ടികളെ ഭിന്നിപ്പിക്കുന്നതതെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെപിസിസിയ്ക്ക് തീരുമാനം എടുക്കേണ്ട സമയം വന്നാൽ തീർച്ചയായും എടുത്തിരിക്കും. എന്നിരുന്നാലും ആ വിഷയത്തിൽ ആശങ്കയില്ലെന്നും സർക്കാർ എടുക്കുന്ന കാര്യങ്ങളിൽ എതെങ്കിലും വിയോജിപ്പുണ്ടെങ്കിൽ പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നയങ്ങള് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്നും പാർട്ടിയിൽ ചർച്ച ചെയ്യും. പുതിയ സർക്കാർ അധികാരത്തിൽ കയറിയിട്ട് ഒരു മാസം ആയിട്ടുള്ളൂ. ബജറ്റിൽ പുതിയ എത്രയോ നല്ല കാര്യങ്ങൾ കൊണ്ടുവന്നു. മറ്റ് എന്തെങ്കിലും പ്രശ്നം വന്നാൽ അവ പരിഹരിച്ച് പാർട്ടി മുമ്പോട്ട് പോകും. എവിടെയെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ അത് സർക്കാർ പരിഹരിക്കുമെന്നാണ് തൻ്റെ പ്രതിക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മദ്യകമ്പനികളുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ മദ്യത്തിന്മേലുള്ള നികുതി വൻതോതിൽ കുറച്ചതിനെതിരെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്. നിലവിൽ സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനമാണ് നികുതിയെങ്കിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് നികുതി 120 ശതമാനമായി പകുതിയിലധികമാണ് കുറക്കുന്നത്. അതേസമയം ഇത് സമൂഹത്തിൽ മദ്യപാനം കുത്തനെ വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR