സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാൻ സപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക മില്ലുകൾ തുടങ്ങുന്നത് പരിഗണനയിൽ : അനൂപ് ജേക്കബ്
Thiruvananthapuram , 22 ജൂണ് (H.S.) സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാൻ സപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക മില്ലുകൾ തുടങ്ങുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ അറിയിച്ചു. അതേസമയം, വീര്യം
KERALA BUDGET DISCUSSIONS


Thiruvananthapuram , 22 ജൂണ് (H.S.)

സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാൻ സപ്ലൈകോ കേന്ദ്രീകരിച്ച് ആധുനിക മില്ലുകൾ തുടങ്ങുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ അറിയിച്ചു. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനവും പി.എം ശ്രീ പദ്ധതിയും വരും ദിവസങ്ങളിൽ സഭയെ പ്രക്ഷുബ്ധമാക്കും.

നെല്ല് സംഭരണത്തിലെ ചൂഷണം

ചോദ്യോത്തര വേളയിൽ ആലപ്പുഴ എം.എൽ.എ എ.ഡി തോമസിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും മൂലം നെൽകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് സ്വകാര്യ മില്ലുകളുടെ ചൂഷണം. ഒരു ക്വിൻ്റൽ നെല്ല് സംസ്കരിച്ചാൽ 68 കിലോ അരി കിട്ടണമെന്നാണ് കേന്ദ്ര നിയമം. എന്നാൽ കാലാവസ്ഥയുടെ പേര് പറഞ്ഞ് മൂന്ന് മുതൽ 15 കിലോ വരെ കിഴിവാണ് മില്ലുടമകൾ കർഷകരോട് ചോദിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പ്രശ്നമുണ്ടാക്കിയ മില്ലുകളെത്തന്നെ വീണ്ടും സംഭരണം ഏൽപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, സപ്ലൈകോ വഴി ആധുനിക സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും എ.ഡി തോമസ് ആവശ്യപ്പെട്ടു.

കിഴിവ് സംബന്ധിച്ച പ്രശ്നം നാളുകളായി നിലനിൽക്കുന്നതാണെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. 68 ശതമാനമാണ് കേന്ദ്ര മാനദണ്ഡപ്രകാരം ലഭ്യമാക്കേണ്ടത്. മുൻ സർക്കാരിൻ്റെ കാലത്ത് ഇത് 64.5 ശതമാനമായി പുനർനിർണയിച്ചിരുന്നെങ്കിലും പിന്നീട് കോടതി വ്യവഹാരങ്ങളിലേക്ക് പോയി. നിലവിൽ 68 ശതമാനം തന്നെയാണ് ഔട്ട് ടേൺ റേഷ്യോ (ഒ.ടി.ആർ). നടപടികൾ പൂർത്തിയാക്കാത്ത മില്ലുകളെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സപ്ലൈകോയുടെ കീഴിൽ കേന്ദ്രീകൃത സംവിധാനത്തിൽ മില്ലുകൾ ആരംഭിക്കാൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സഭയെ പ്രക്ഷുബ്ധമാക്കാൻ മദ്യനയവും പി.എം ശ്രീയും

ബുധനാഴ്ച അവസാനിക്കുന്ന നിയമസഭാ സമ്മേളനം ഈ മാസം 29, 30 തീയതികളിൽ വീണ്ടും ചേരും. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില സുപ്രധാന പ്രഖ്യാപനങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ്. ഭരണമുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിലെ ചില നേതാക്കൾക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിപക്ഷം സഭയിൽ അടിയന്തരമായി ഉന്നയിക്കും.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള തീരുമാനമാണ് സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 251 ശതമാനം നികുതി 120 മുതൽ 170 ശതമാനം വരെയായി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പഴവർഗങ്ങളിൽ നിന്നടക്കം ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നികുതി ഘടന കൊണ്ടുവന്നിരിക്കുന്നത്. ബക്കാർഡി പോലുള്ള വൻകിട കമ്പനികൾ വർഷങ്ങളായി കേരളത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ വലിയ തോതിൽ ശ്രമം നടത്തുന്നുണ്ട്. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിനായി നീക്കങ്ങൾ നടന്നെങ്കിലും കടുത്ത എതിർപ്പുകളെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. അന്ന് ഉപേക്ഷിച്ച പദ്ധതിയാണ് പുതിയ സർക്കാർ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് അന്നത്തെ എൽ.ഡി.എഫ് സർക്കാർ ഈ നീക്കം നടത്തിയപ്പോൾ, കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിലെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ആരോപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ വീര്യം കുറഞ്ഞ മദ്യം യഥേഷ്ടം വിൽക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ഇതിനെതിരെ കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മദ്യ ഉപഭോഗം കുറയ്ക്കുക എന്ന യു.ഡി.എഫ് നയത്തിന് തികച്ചും വിരുദ്ധമാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മുൻ സർക്കാരിൻ്റെ കാലത്ത് ഈ നയത്തെ ശക്തമായി എതിർത്ത വി.ഡി സതീശൻ ഇപ്പോൾ നിലപാട് മാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷം ഈ വിഷയം സഭയിൽ വലിയ ആയുധമാക്കും. ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ താത്പര്യമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ നിയമസഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News