സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
Thiruvananthapuram , 22 ജൂണ് (H.S.) സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം. ഇതിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്
Weather update


Thiruvananthapuram , 22 ജൂണ് (H.S.)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം. ഇതിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്.

മഴക്കുറവിന് കാരണം എൽനിനോസംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമാകാൻ കാരണം എൽനിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. എൽനിനോ ചതിച്ചതോടെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 28 ശതമാനം കുറവ് മഴയാണ് ഇതുവരെ സംസ്ഥാനത്ത് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന കാലവർഷ സീസണിൽ ലഭിക്കേണ്ട ശരാശരി മഴയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പത്ത് ജില്ലകളിലും ശരാശരി മഴയേക്കാൾ കുറവാണ് ഇതുവരെ ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലയിലാണ്. 56 ശതമാനം മഴയുടെ കുറവാണ് വയനാട്ടിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാർഷിക മേഖലയെ ഉൾപ്പെടെ ഈ മഴക്കുറവ് സാരമായി ബാധിച്ചേക്കാം.

കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ് ശരാശരിയെങ്കിലും മഴ ലഭിച്ചത്. ഇന്നലെ തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 29 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം, നാളെയോടെ സംസ്ഥാനത്ത് മഴ വീണ്ടും ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

പിന്നീട് ഈ മാസത്തിൻ്റെ അവസാനത്തോടെ മാത്രമേ കാലവർഷം വീണ്ടും മെച്ചപ്പെടാൻ സാധ്യതയുള്ളൂവെന്നും നിലവിലെ കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഴ മുന്നറിയിപ്പുകൾ മാറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News