Enter your Email Address to subscribe to our newsletters

Ernakulam , 22 ജൂണ് (H.S.)
അൻസിബയാണ് യഥാർത്ഥത്തില് താനുള്പ്പെട്ട ഭരണസമിതിയെ മുട്ടുകുത്തിച്ചതെന്ന് നടി മാലാ പാർവതി. താൻ നേരിട്ട കാര്യങ്ങള് അവർ സധൈര്യം തെളിവുകളുള്പ്പെടെ അവതരിപ്പിച്ചതോടെ ഭരണസമിതിക്ക് മറുപടി ഉണ്ടായിരുന്നില്ല.
അവരുടെ ചോദ്യങ്ങള്ക്ക് മറുപടി പോലും പറയാനാകാതെ ശ്വേത ഉള്പ്പെടെയുള്ളവർ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും മാല പാർവ്വതി പറഞ്ഞു.
'നമ്മളോട് നേരത്തെ സംസാരിച്ച കാര്യങ്ങള് ഉള്പ്പെടെ എല്ലാ വിഷയങ്ങളും അൻസിബ തെളിവുകളോടെ കൃത്യമായി അവതരിപ്പിച്ചു. അത് എല്ലാവരും നിശബ്ദമായി, ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. അതിന് മറുപടി പറയാനാകാതെ ഭരണസമിതി യോഗത്തില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അതാണ് യഥാർഥത്തില് സംഭവിച്ചത്.
ആ കുട്ടി ഉന്നയിച്ച ഒരു കാര്യത്തിനും ഇതുവരെ അവർ മറുപടി നല്കിയിട്ടില്ല. അഴിമതി മാത്രമല്ല, എക്സിക്യൂട്ടീവ് കമ്മിറ്റി (ഇസി) തീരുമാനിക്കാതെയുള്ള പണച്ചെലവുകളെക്കുറിച്ചും അവർ ചോദിച്ചു. ഇസിയുടെ അനുമതിയോ സമ്മതമോ ഇല്ലാതെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതിനെക്കുറിച്ച് വിശദീകരണം തേടി. സ്വജനപക്ഷപാതത്തെക്കുറിച്ചും ചോദ്യങ്ങള് ഉയർത്തി. ഭരണസമിതിയിലെ ഒരു അംഗത്തിന്റെ ഭർത്താവിന് എന്തുകൊണ്ടാണ് ഒരു ചുമതല നല്കിയത് എന്നതുള്പ്പെടെ നിരവധി കൃത്യമായ ചോദ്യങ്ങളാണ് അവർ ഉന്നയിച്ചത്.
എതിർപ്പുയർത്തുന്നവർക്ക് വർഗീയ ചാപ്പ കുത്താനുള്ള ശ്രമങ്ങളും വ്യക്തിഹത്യയും നടക്കുന്നുവെന്ന ആരോപണവും അൻസിബ ഉന്നയിച്ചു. ഇതിനൊക്കെ ശേഷം റിപ്പോർട്ട് അംഗീകരിക്കുന്നുണ്ടോ എന്ന് പ്രസിഡൻറ് ചോദിച്ചപ്പോള് ജനറല് ബോഡി അംഗങ്ങളില് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ആരും കൈയടിച്ചില്ല, ഒന്നും മിണ്ടിയില്ല. രണ്ടോ മൂന്നോ തവണ ചോദിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ അവർക്ക് യോഗത്തില് നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു.
പുറത്തിറങ്ങിയ ശേഷം ബാബുരാജിന്റെയും സിദ്ധിഖിന്റെയും പേരുകള് പറഞ്ഞത് വെറുതെയായിരുന്നു. അവർ എന്നോട് പറഞ്ഞതുപോലെ, 'ഇനി മാധ്യമങ്ങളുമായി യുദ്ധം നടത്താം. മാധ്യമങ്ങളിലൂടെയല്ലേ ഞങ്ങളെ ഈ അവസ്ഥയിലാക്കിയത്' എന്ന നിലപാടായിരുന്നു അവരുടേത്.
അൻസിബ എന്ന ഒരു പെണ്കുട്ടിയുടെ മുന്നിലാണ് അവർ മുട്ടുമടക്കിയത്. അൻസിബയുടെ ഒരു ചെറിയ വിഷയം പോലും കൈകാര്യം ചെയ്യാൻ കഴിയാതെ അവരെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ഒരു വർഗീയവാദിയായി ചിത്രീകരിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് അൻസിബ പൊതുസമൂഹത്തിന് മുന്നില് വന്ന് സംസാരിച്ചത്. ഇന്നലെയും അവർ അത് വ്യക്തമാക്കിയിരുന്നു.
അൻസിബയുടെ പ്രസംഗം വളരെ കൃത്യവും വ്യക്തവും ഹൃദയസ്പർശിയുമായിരുന്നു. താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ചും വേട്ടയാടലുകളെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. അത് കേട്ട പലരുടെയും കണ്ണുകള് നിറഞ്ഞു. ആ പ്രസംഗത്തിന് ശേഷം യോഗത്തിലുണ്ടായിരുന്നവരില് ഭൂരിഭാഗവും അൻസിബയ്ക്കൊപ്പമായിരുന്നു. അതോടെ ഭരണസമിതിക്ക് മറുപടി പറയാനാകാതെ പിന്മാറേണ്ടിവന്നു.
ബാബുരാജിന്റെയും ഇടവേള ബാബുവിന്റെയും സിദ്ധിഖിന്റെയും പേരുകള് മാധ്യമങ്ങള്ക്ക് മുന്നില് പറഞ്ഞതുപോലെ അൻസിബയുടെ പേരും അവർ പരാമർശിച്ചിരുന്നെങ്കില് നന്നായേനെ. കാരണം അത്രയും ശക്തമായ ഇടപെടലാണ് അൻസിബ നടത്തിയത്. ഭരണസമിതിയെ മുട്ടുകുത്തിക്കാൻ കാരണമായ പ്രധാന ഘടകവും അതുതന്നെയായിരുന്നു.'
---------------
Hindusthan Samachar / CHANDHU CHANDRASEKHAR