Enter your Email Address to subscribe to our newsletters

Thiruvananthapuram ,2 ജൂണ്‍ (H.S.)
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നോട്ടീസ് പരിഗണിക്കവേ നടന്നത് രൂക്ഷമായ വാക്പോര്. പ്രതിപക്ഷത്തു നിന്നും മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്.
ആരോഗ്യ മേഖലയിലെ കേരള മോഡലിനു തകർച്ച നേരിടുന്നുവെന്ന് റിയാസ് സഭയിൽ പറഞ്ഞു. എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഇല്ലെന്നും റിയാസ് പറഞ്ഞു.
ആരോഗ്യ വകുപ്പിൽ എകോപനം ഇല്ല. എല്ലാവരേയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും പറഞ്ഞു. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. തമ്മിലടിയെ തുടർന്ന് കോഴിക്കോടിന് മന്ത്രിയില്ല. ഒരു മെഡിക്കൽ ഓഫീസറെ എങ്കിലും കോഴിക്കോടിന് നൽകിക്കൂടെ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് വരുന്നത്. മരുന്നെത്തിയത് പ്രതിപക്ഷം പ്രതിഷേധിച്ച ശേഷമാണ്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കണം എന്നും റിയാസ് പറഞ്ഞു.
മറുപടി നൽകിയ കെ മുരളീധരൻ റിയാസിന്റെ പ്രസ്താവനകളെ പൂർണമായും തള്ളി. കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം . ഉദ്യോസ്ഥർ ഭരണം മാറിയത് അറിയാതെ പോയ സർക്കാരിനോട് കൂറ് കാണിക്കുന്നു. ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന് സർക്കാരിന് അറിയാം.
പകർച്ച വ്യാധി പ്രതിരോധത്തിന് വകുപ്പ് തല ഏകോപനവും നടപടിയും ഉണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൽ രോഗം വരാതിരിക്കാനാണ് ജാഗ്രത. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്തുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ പ്രതിരോധ ജാഗ്രത ഉറപ്പാക്കും. കൂടാതെ, ആരോഗ്യ മേഖലയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പകർച്ചവ്യാധി വ്യാപനത്തിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനവും നടന്നില്ല. സർക്കാരിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ കസേര മാറ്റി. ഇത് അടിയന്തരമായി ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് കെ മുരളീധരൻ സഭയിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S