Enter your Email Address to subscribe to our newsletters

Kannur , 22 ജൂണ് (H.S.)
വാണിയപ്പാറ ഉണ്ണിമിശിഹാ ദേവാലയത്തിലെ (ഇൻഫൻ്റ് ജീസസ് പള്ളി) കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിക്കാൻ പൊലീസ്. പള്ളി വികാരിയുടെയും ഇടവക അംഗങ്ങളുടെയും ആവശ്യപ്രകാരം കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
2014ൽ കാണാതായ കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബം കൂടി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. കല്ലറയിൽ കണ്ടെത്തിയ മൃതദേഹത്തിന് സിജോയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആവശ്യം. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സിജോയുടെ കുടുംബത്തിൻ്റെ പരാതി ഔദ്യോഗികമായി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം.
സിജോയുടെ തിരോധാനം
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപാണ് സിജോയെ കാണാതാകുന്നത്. 2014ൽ വാണിയപ്പാറയിലുള്ള ബന്ധുവീട്ടിൽ എത്തിയ സിജോയെ അവിടെനിന്നാണ് കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ തിരോധാനം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കുടുംബം കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടുള്ള ബന്ധുക്കളും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതാണ് പരാതി നൽകാൻ വൈകിയതിന് കാരണമായി പറയുന്നത്.
കടയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യ അന്ന് പൊലീസിന് നൽകിയ മൊഴി. അന്ന് നടത്തിയ അന്വേഷണത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ പൊലീസിൽ പുതിയ പരാതി നൽകുമെന്ന് സിജോയുടെ ബന്ധുക്കൾ വ്യക്തമാക്കി.
കല്ലറയിലെ ദുരൂഹതകഴിഞ്ഞ ദിവസമാണ് വാണിയപ്പാറ പള്ളിയിലെ സെമിത്തേരിയിൽ ദുരൂഹതയുണർത്തുന്ന സംഭവം നടന്നത്. ഇടവകയിലെ ഒരാളുടെ മൃതദേഹം സംസ്കരിക്കാനായി പഴയ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ അഴുകിയ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് മൃതദേഹമാണെന്ന സംശയം ഉയർന്നതോടെ പള്ളി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കരിക്കോട്ടക്കരി എസ്ഐ ബെന്നിയുടെ നേതൃത്വത്തിലാണ് നിലവിൽ പ്രാഥമിക അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. ഈ കല്ലറയിൽ നേരത്തെ അടക്കിയവരുടെ ബന്ധുക്കൾ കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും ദുരൂഹതകൾ ബാക്കിനിൽക്കുന്നതിനാൽ പരാതി ലഭിക്കുന്ന മുറയ്ക്ക് സബ് കലക്ടറുടെ ഉൾപ്പെടെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പുറത്തെടുക്കുന്ന അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും വിധേയമാക്കിയാൽ മാത്രമേ യഥാർഥ വസ്തുതകൾ പുറത്തുവരികയുള്ളൂ. വർഷങ്ങൾക്ക് മുൻപ് നടന്ന തിരോധാനമായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകും. പ്രദേശവാസികൾക്കിടയിലും വലിയ ആശങ്കയാണ് സംഭവം സൃഷ്ടിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR