ബംഗാളിൽ ബി.ജെ.പി സർക്കാരിന്റെ ആദ്യ ബജറ്റ്: ജീവനക്കാർക്ക് 20% ഡി.എ വർദ്ധനവ്, ഒരു ലക്ഷം പുതിയ നിയമനങ്ങൾ; വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത
Kolkota, 22 ജൂണ് (H.S.) കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃ
ബംഗാളിൽ ബി.ജെ.പി സർക്കാരിന്റെ ആദ്യ ബജറ്റ്: ജീവനക്കാർക്ക് 20% ഡി.എ വർദ്ധനവ്, ഒരു ലക്ഷം പുതിയ നിയമനങ്ങൾ; വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത


Kolkota, 22 ജൂണ് (H.S.)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഈ കന്നി ബജറ്റിൽ ജനപ്രിയ പദ്ധതികൾക്കും തൊഴിലവസരങ്ങൾക്കും വൻ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. മുൻ സർക്കാരിൽ നിന്ന് 8.15 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് തങ്ങൾക്ക് പൈതൃകമായി ലഭിച്ചതെന്നും, എങ്കിലും നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളും തുടരുമെന്നും വികസിത ഭാരതത്തിന്റെ ഭാഗമായി 'വികസിത ബംഗാൾ' കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഒരു ലക്ഷം തൊഴിലവസരങ്ങൾ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) 20 ശതമാനം വർദ്ധിപ്പിക്കുമെന്നതാണ് ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. ഇതോടെ സംസ്ഥാനത്തെ ഡി.എ 38 ശതമാനമായി ഉയരും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിരക്കിന് പ്രാബല്യമുണ്ടാകും. കൂടാതെ, സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലായി ഒഴിവുകിടക്കുന്ന ഒരു ലക്ഷം തസ്തികകളിൽ പുതിയ നിയമനം നടത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ 33 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 50,000 അധ്യാപക തസ്തികകളും 20,000 പോലീസ് തസ്തികകളും ഇതിലൂടെ നികത്തും. പാരാ-ടീച്ചർമാർ, അങ്കണവാടി-ആശ വർക്കർമാർ, സിവിക് പോലീസ്, ഹോം ഗാർഡുകൾ എന്നിവരുടെ മാസശമ്പളത്തിൽ 2,000 രൂപ മുതൽ 5,000 രൂപ വരെയുള്ള വർദ്ധനവും ബജറ്റിൽ ഉറപ്പുനൽകുന്നു.

സ്ത്രീക്ഷേമത്തിന് 'അന്നപൂർണ്ണ യോജന'; സൌജന്യ ബസ് യാത്ര

സ്ത്രീ ശാക്തീകരണത്തിന് വലിയ ഊന്നൽ നൽകുന്നതാണ് പുതിയ ബജറ്റ്. വനിതകൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയായ 'അന്നപൂർണ്ണ യോജന'യ്ക്കായി 36,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് ഇനി മുതൽ യാത്ര തികച്ചും സൌജന്യമായിരിക്കും. ഇതിനായി പ്രത്യേക 'പിങ്ക് കാർഡുകൾ' വിതരണം ചെയ്യും. പദ്ധതിക്കായി 550 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരക്കേറിയ നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന 'ദുർഗ്ഗാ സുരക്ഷാ സ്ക്വാഡുകൾ' വിന്യസിക്കും. എല്ലാ സബ് ഡിവിഷനുകളിലും വനിതാ പോലീസ് സ്റ്റേഷനുകളും സ്ഥാപിക്കും.

അടിസ്ഥാന സൌകര്യ വികസനവും പുതിയ വിമാനത്താവളങ്ങളും

കൊൽക്കത്ത വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി കല്ല്യാണിയിൽ 1,000 ഏക്കർ ഭൂമി കണ്ടെത്തി പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിക്ക് കീഴിൽ പുരുലിയ, ബാലൂർഘട്ട്, മാൽഡ എന്നിവിടങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുകയും കൂച്ച് ബെഹാർ വിമാനത്താവളം വികസിപ്പിക്കുകയും ചെയ്യും. പുർബ മേദിനിപൂരിലെ ദാദൻപത്രബർഹിൽ അത്യാധുനിക ആഴക്കടൽ തുറമുഖം സ്ഥാപിക്കും. നോർത്ത് ബംഗാളിൽ പുതിയ ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM), എയിംസ് (AIIMS) എന്നിവ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വടക്കൻ ബംഗാളിന്റെ വികസനത്തിന് ആക്കം കൂട്ടും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

-

സ്ക്കൂളുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ (കൊൽക്കത്ത കോർപ്പറേഷൻ പരിധിയിൽ 500 മീറ്റർ) പുതിയ മദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകില്ല.

-

കർഷക കുടുംബങ്ങൾക്ക് വിത്ത് വാങ്ങാൻ പ്രതിവർഷം 3,000 രൂപ ധനസഹായം നൽകും.

-

ഡിജിറ്റൽ വളർച്ച ലക്ഷ്യമിട്ട് 'ബംഗാൾ എ.ഐ (AI) മിഷൻ' ആരംഭിക്കും.

-

ദുർഗ്ഗാ പൂജയെ മുൻനിർത്തി ആഗോള ടൂറിസം ബ്രാൻഡിംഗ് കാമ്പയിൻ സംഘടിപ്പിക്കും.

-

ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മദിനമായ ജൂലൈ 6 സംസ്ഥാന സർക്കാർ അവധിയായി പ്രഖ്യാപിച്ചു.

-

വിരമിച്ച മാധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കും. രാഷ്ട്രീയ കാരണങ്ങളാൽ ജയിലിൽ കിടന്നവർക്ക് 10,000 രൂപയും നൽകും.

---------------

Hindusthan Samachar / Roshith K


Latest News