ബജറ്റ് ചർച്ചയ്ക്ക് ഇന്ന് തുടക്കം: സ്വകാര്യ നിക്ഷേപം, മദ്യനികുതി, പകർച്ചവ്യാധി പ്രതിരോധം എന്നിവയിൽ സഭയിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത
Thiruvananthapuram , 22 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. വലിയ പ്രതീക്ഷകളോടെയും എന്നാൽ കടുത്ത സാമ്പത്
ബജറ്റ് ചർച്ചയ്ക്ക് ഇന്ന് തുടക്കം: സ്വകാര്യ നിക്ഷേപം, മദ്യനികുതി, പകർച്ചവ്യാധി പ്രതിരോധം എന്നിവയിൽ സഭയിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത


Thiruvananthapuram , 22 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. വലിയ പ്രതീക്ഷകളോടെയും എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും അവതരിപ്പിക്കപ്പെട്ട ബജറ്റിന്മേൽ വരും ദിവസങ്ങളിൽ സഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾക്കാണ് സാധ്യത തെളിയുന്നത്.

ബജറ്റിലെ പ്രഖ്യാപനങ്ങളും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് എൽഡിഎഫ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ നീക്കം. പ്രധാനമായും സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയമായിരിക്കും പ്രതിപക്ഷം സഭയിൽ വലിയ ആയുധമാക്കുക. ബജറ്റിലൂടെ സർക്കാർ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനും കോർപ്പറേറ്റ് പ്രീണനത്തിനുമാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതടക്കമുള്ള തീരുമാനങ്ങൾ ഇതിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സ്വകാര്യ നിക്ഷേപങ്ങൾ അത്യാവശ്യമാണെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിൽക്കും.

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദ്ദേശവും സഭയിൽ വൻ ചർച്ചകൾക്ക് വഴിവെക്കും. ഈ വിഷയം ഉന്നയിച്ച് സർക്കാരിന്റെ മദ്യനയത്തെ കടന്നാക്രമിക്കാൻ പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. വരുമാന വർദ്ധന ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ജനവിരുദ്ധമാണെന്ന വാദമായിരിക്കും പ്രതിപക്ഷം ഉയർത്തുക.

സംസ്ഥാനത്ത് നിലവിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പും സർക്കാരും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയും ആശുപത്രികളിലെ മരുന്ന് ക്ഷാമവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ കടന്നാക്രമണം നടത്തും.

ചോദ്യോത്തര വേളയിലും സഭ കലുഷിതമാകാനാണ് സാധ്യത. യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 'ഇന്ദിരാ ഗ്യാരന്റി' പദ്ധതികൾ, പ്രത്യേകിച്ച് 25 ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയുടെ നടത്തിപ്പിലെ അവ്യക്തത പ്രതിപക്ഷം ചോദ്യം ചെയ്യും. കൂടാതെ മുൻ സർക്കാരിന്റെ കാലത്ത് വലിയ വിവാദമായ അതിവേഗ റെയിൽ കോറിഡോർ (കെ-റെയിൽ) പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സർക്കാരിന്റെ നിലപാടും ചോദ്യോത്തര വേളയിൽ ഉന്നയിക്കപ്പെട്ടേക്കും. വരും ദിവസങ്ങളിൽ ബജറ്റിലെ നികുതി നിർദ്ദേശങ്ങളും കടബാധ്യതകളും സംബന്ധിച്ച് സഭയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News